Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനപക്ഷ സംരക്ഷണത്തിലും കേരളത്തിന്റെ പ്രശ്നങ്ങളിലും കേന്ദ്ര ഇടപെടൽ വേണമെന്ന് സഭാധ്യക്ഷന്മാർ

കൊച്ചി ∙ രാജ്യത്തു ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടാകുന്ന അക്രമങ്ങളിലും കാർഷിക പ്രശ്‌നങ്ങളിലും കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമെന്നു വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാർ. ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനു കേന്ദ്രം ക്രിയാത്മക നടപടികൾ സ്വീകരിക്കണമെന്നും സഭാധ്യക്ഷന്മാർ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.

ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കും നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിക്രമങ്ങൾ ഉണ്ടാകുന്നതിൽ സഭകൾക്ക് ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങൾക്കു സംരക്ഷണം നൽകാൻ കേന്ദ്ര സർക്കാരിനു കടമയുണ്ട്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലെ ജനങ്ങൾക്കുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കണം. മൽസ്യബന്ധന തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും മൂലം കർഷകർ പ്രതിസന്ധിയിലാണ്. ദലിത് സമൂഹത്തിനു പിന്തുണയും പ്രോത്സാഹനവും നൽകാൻ കേന്ദ്രം തയാറാകണമെന്നും സഭാധ്യക്ഷന്മാർ ആവശ്യപ്പെട്ടു.

ദരിദ്രരുടെയും പാവപ്പെട്ടവരുടെയും പ്രശ്‌നങ്ങളിൽ എന്നും ക്രിയാത്മകമായി ഇടപെടുന്ന ക്രൈസ്തവസഭകളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അമിത് ഷാ സഭാധ്യക്ഷന്മാരോടു പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും വേണ്ടിയുള്ള കേന്ദ്ര പദ്ധതികൾ പലതിനോടും സംസ്ഥാനങ്ങൾ സഹകരിക്കുന്നില്ല. നേരത്തെ ഒപ്പുവച്ചിട്ടുള്ള രാജ്യാന്തര കരാറുകളാണു റബർ ഉൾപ്പെടെയുള്ള കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കുള്ള കാരണങ്ങളിലൊന്ന്. റബർ ഇറക്കുമതിക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതു പരിഗണിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരുകളുടെ പരിധിയിലാണ് വരുന്നത്.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, ഓർത്തഡോക്‌സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ് എന്നിവരുമായാണു സഭാസ്ഥാപനമായ കലൂർ റിന്യൂവൽ സെന്ററിൽ അമിത്ഷാ കൂടിക്കാഴ്ച നടത്തിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ദേശീയ സെക്രട്ടറി ഭൂപേന്ദ്രയാദവ് എംപി, എൻഡിഎ നേതാക്കളായ വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, പി.സി. തോമസ്, അൽഫോൻസ് കണ്ണന്താനം എന്നിവർ അമിത് ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.