Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശാപ്പിനു നിരോധനമില്ല: അമിത് ഷാ

nda എൻഡിഎ സഖ്യകക്ഷി നേതാക്കളുടെ യോഗത്തിൽ ബിഡിജെഎസ്‌ പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി ബിജെപി ദേശീയ അധ്യക്ഷൻ അമിത്‌ ഷായെ ഷാൾ അണിയിക്കുന്നു. കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരൻ എന്നിവർ സമീപം.

കൊച്ചി ∙ കന്നുകാലികളുടെ കശാപ്പ് നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരമുള്ള മാനദണ്ഡങ്ങളാണു സർക്കാർ കൊണ്ടുവന്നതെന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരള ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ അറിയിച്ചു. കശാപ്പിനു വേണ്ടിയുള്ള കന്നുകാലി വിൽപന നിയന്ത്രണത്തെക്കുറിച്ചു പല ഘടകകക്ഷി നേതാക്കളും ആശങ്ക അറിയിച്ചപ്പോഴായിരുന്നു അമിത് ഷായുടെ പ്രതികരണം.

കേന്ദ്ര സ്ഥാപനങ്ങളിലെ പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഘടകകക്ഷി നേതാക്കൾക്ക് ഉറപ്പു നൽകി. സ്ഥാനമാനങ്ങൾക്കു വേണ്ടി അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നു ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. പദവി ചോദിച്ചു നേതാക്കളുടെ പിന്നാലെ നടക്കാനാവില്ല. മറ്റു ഘടകകക്ഷികളും സമാനമായ നിലപാടാണു യോഗത്തിൽ സ്വീകരിച്ചത്. ന്യൂനപക്ഷങ്ങളിൽ വിശ്വാസം സൃഷ്ടിച്ചാൽ മാത്രമേ കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയൂവെന്നു ഘടകകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടി.

റബർ ഉൾപ്പെടെ കാർഷിക മേഖലയുടെ പ്രശ്നങ്ങൾ പരിഹരിക്കുക, റബർ ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്തുക, ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ നിർദേശങ്ങളും നേതാക്കൾ അമിത് ഷായ്ക്കു മുന്നിൽവച്ചു. എൻഡിഎയുടെ ജനകീയ അടിത്തറ വിപുലമാക്കണമെന്നാണ് അദ്ദേഹം നൽകിയ നിർദേശം.

ഗുജറാത്തിൽ 10.3 ശതമാനം വോട്ടുണ്ടായിരുന്ന സ്ഥാനത്തു നിന്നാണു പാർട്ടി നരേന്ദ്ര മോദിയിലൂടെ അധികാരം ഉറപ്പിച്ചത്. കേരളത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ടു നേടാൻ എൻഡിഎയ്ക്കു കഴിഞ്ഞു. അതു തിരഞ്ഞെടുപ്പു വിജയത്തിൽ എത്തിക്കാനാകണം. മുന്നണിയുടെ അടിത്തറ ഉറപ്പിക്കുകയാണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ബിജെപി നേതാക്കളായ ഒ.രാജഗോപാൽ എംഎൽഎ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഘടകകക്ഷി നേതാക്കളായ പി.സി. തോമസ്, എ.എൻ. രാജൻ ബാബു, കുരുവിള മാത്യൂസ്, എം.എൻ. ഗിരി തുടങ്ങിയവർ പങ്കെടുത്തു.