Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാം തന്നെയാണു സന്തോഷമെന്നു തിരിച്ചറിയുക: ശ്രീ ശ്രീ രവിശങ്കർ

conclave-manorama മനോരമ ന്യൂസ്‌ ടി വി ചാനൽ കൊച്ചിയിൽ സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ പങ്കെടുത്ത സദസ്‌.

കൊച്ചി ∙ ‘കുഞ്ഞുങ്ങൾ ഒരു ദിവസം 400 തവണ ചിരിക്കുമ്പോൾ 17 തവണ മാത്രമാണു മുതിർന്നവർ ചിരിക്കുന്നത്. സന്തോഷം നിലനിർത്താനുള്ള മാർഗം നാം തന്നെയാണു സന്തോഷമെന്ന തിരിച്ചറിവാണ്. അതിനാൽ ചിരിച്ച്, കയ്യടിച്ച് സന്തോഷത്തോടെയിരിക്കുക’- മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച ന്യൂസ് കോൺക്ലേവിൽ പ്രഭാഷണം നടത്തിയ ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കറിന്റെ ഈ ആഹ്വാനത്തിലെ സന്ദേശമായിരുന്നു കേരളത്തിൽ ആദ്യമായി സംഘടിപ്പിച്ച സന്തോഷ സമ്മേളനത്തിന്റെ പൊതുവികാരം.

ലഭിക്കുമ്പോഴും നൽകുമ്പോഴും കിട്ടുന്നതാണു സന്തോഷമെന്നും നൽകുമ്പോൾ കിട്ടുന്ന പക്വമായ സന്തോഷത്തിലേക്കു മാറിയില്ലെങ്കിൽ ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകില്ലെന്നും ശ്രീശ്രീ രവിശങ്കർ പറഞ്ഞു. വ്യക്തിപരമായ സന്തോഷങ്ങൾ സമൂഹത്തിന്റെ സന്തോഷത്തെ തകർക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തനത്തിലെ സന്തോഷ സാധ്യതകൾ ചർച്ച ചെയ്യുന്ന സെഷനായിരുന്നു ആദ്യം.

എഴുത്തുകാരൻ എൻ.എസ്. മാധവൻ, മാധ്യമ പ്രവർത്തക ബർഖ ദത്ത്, ദ് കാരവൻ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസ്, ന്യൂസ് മിനിട്ട് എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സന്തോഷിപ്പിക്കുക എന്നതു മാത്രമല്ല സമൂഹത്തെ ജാഗ്രതയോടെ അലോസരപ്പെടുത്തുകയും മാധ്യമധർമമാണെന്നു വിലയിരുത്തിയ സെഷൻ, മാധ്യമപ്രവർത്തനം ക്രിയാത്മകമാകണമെന്നും ചൂണ്ടിക്കാട്ടി.

ഉദ്യേഗസ്ഥർക്ക് ഏറ്റവും സ്വതന്ത്ര്യത്തോടെ ജോലി ചെയ്യാനാവുന്ന സംസ്ഥാനം കേരളമാണെന്നായിരുന്നു സിവിൽ സർവീസിലെ യുവനിരക്കാരായ കെ. സേതുരാമൻ, ശ്രീറാം വെങ്കിട്ടരാമൻ, മെറിൻ ജോസഫ് എന്നിവർ പങ്കെടുത്ത സെഷന്റെ വിലയിരുത്തൽ. കേരളത്തിലെ ജോലിസാഹചര്യങ്ങളിൽ താരതമ്യേന സമ്മർദം കുറവാണെന്നും ഇവർ പറഞ്ഞു.

സന്തോഷത്തിനു ആൺ, പെൺ വേർതിരിവുണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരമാണു നടി മഞ്ജു വാരിയർ, എഴുത്തുകാരി അനിതാ നായർ, ഒളിംപ്യൻ അഞ്ജു ബോബി ജോർജ്, തിരുവനന്തപുരം സബ് കലക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ പങ്കെടുത്ത ചർച്ചയിൽ ഉരുത്തിരിഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിയാൽ എംഡി വി.ജെ. കുര്യനും ആസ്റ്റർ ഹെൽത് കെയർ സിഎംഡി ആസാദ് മൂപ്പനും ചേർന്നു സന്തോഷത്തിന്റെ സാമ്പത്തിക വശങ്ങൾ ചർച്ച ചെയ്തു.

എംപിമാരായ ജയറാം രമേശ്, സുബ്രഹ്മണ്യൻ സ്വാമി, മുതിർന്ന സിപിഎം നേതാവ് നീലോൽപൽ ബസു, ദ് വീക്ക് റസിഡന്റ് എഡിറ്റർ സച്ചിദാനന്ദ മൂർത്തി എന്നിവർ പങ്കെടുത്ത സെഷൻ ജനങ്ങളുടെ സന്തോഷത്തിനു വേണ്ടിയുള്ള പ്രകടന പത്രികക്കായുള്ള ആശയങ്ങളാണു പങ്കുവച്ചത്.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കലാ സംവിധായകൻ സാബു സിറിൾ, നടൻ കുഞ്ചാക്കോ ബോബൻ, സംവിധായകയും നടിയുമായ ഗീതു മോഹൻദാസ് എന്നിവർ സിനിമയിലെ സന്തോഷ വഴികൾ സംബന്ധിച്ച ചർച്ചയിൽ ആശയങ്ങൾ പങ്കുവച്ചു.