Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷം പകരുന്നത് നാടിന്റെ വികസനം: പിണറായി

happiness-conclave സന്തോഷം തെളിയട്ടെ: മനോരമ ന്യൂസ്‌ ടിവി ചാനൽ കൊച്ചിയിൽ സംഘടിപ്പിച്ച ‘ന്യൂസ് കോൺക്ലേവ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ്‌ മാത്യു, ശ്രീശ്രീ രവിശങ്കർ, അസറ്റ്‌ ഗ്രൂപ്‌ മാനേജിങ് ‍ഡയറക്ടർ വി. സുനിൽ കുമാർ എന്നിവർ സമീപം. ചിത്രം: മനോരമ

കൊച്ചി ∙ മുഖ്യമന്ത്രി എന്ന നിലയിൽ ഇതുവരെ ഏറ്റവും സന്തോഷം തോന്നിയതെപ്പോൾ? സന്തോഷവഴികൾ തേടി മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച ‘ന്യൂസ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വിജയനോടുള്ള ചോദ്യം.‘ഏറെക്കാലം പെൻഷൻ കിട്ടാതെ കാത്തിരുന്ന വയോധികർക്ക് പെൻഷൻ നൽകാൻ കഴിഞ്ഞത്. അവരിൽ ചിലർ കയ്യിൽ കിട്ടിയ നോട്ടുകളിലേക്കു നോക്കി പല്ലില്ലാത്ത മോണകാട്ടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നല്ലോ. അതു കണ്ടപ്പോൾ തോന്നിയ സന്തോഷം ചില്ലറയല്ല’ –മുഖ്യമന്ത്രിയുടെ മറുപടിക്കു പിന്നാലെ കരഘോഷം.

അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ എന്താവും ഏറ്റവും സന്തോഷം പകരുകയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനും ലഭിച്ചു കയ്യടി– ‘നാടിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വികസനം കൊണ്ടുവരാൻ കഴിയുന്നത്’.

നാലുവരി ദേശീയപാത വികസനവും ദേശീയ ജലപാതയും എൽഎൻജി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുമെല്ലാം പൂർത്തിയാക്കി നല്ല നിലയിൽ നാടു വികസിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവാദങ്ങളിൽ പദ്ധതികൾ മുടങ്ങാൻ അനുവദിക്കില്ല. അങ്ങനെ പല നല്ല പദ്ധതികളും മുടങ്ങിയിട്ടുണ്ട്.

ഓരോ നീക്കത്തെയും എതിർക്കുന്നവരുടെ എതിർപ്പിനു പിന്നിൽ കാര്യമുണ്ടോയെന്നു പരിശോധിക്കും. എതിർപ്പുണ്ടായി എന്നതുകൊണ്ട് ഒന്നും ഉപേക്ഷിക്കില്ല– ആരോപണങ്ങൾ അന്വേഷിക്കുമ്പോൾ തന്നെ വിഴിഞ്ഞം പദ്ധതി വേണ്ടെന്നു വയ്ക്കില്ലെന്നു മുമ്പ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ സർക്കാർ നയം വ്യക്തമായി.

കേരളത്തിന്റെ സന്തോഷ വഴികൾ തേടി സംഘടിപ്പിച്ച കോൺക്ലേവിലെ പ്രസംഗത്തിലും ചോദ്യോത്തരത്തിലും ജനങ്ങളിൽ സന്തോഷം നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ‘കേരളത്തിൽ വ്യവസായം നടത്തിക്കൊണ്ടു പോകാൻ പ്രയാസമുണ്ടെന്ന് ഒരു വ്യവസായിയും പറഞ്ഞിട്ടില്ല. എന്നാൽ അങ്ങനെയൊരു ചിത്രമാണ് പുറത്തു പ്രചരിക്കുന്നത്.

ഭരണത്തിന്റെ മേൽത്തട്ടിൽ ഇപ്പോൾ അഴിമതിയില്ലെങ്കിലും താഴെത്തട്ടിൽ സ്ഥിതി അതല്ല. ഇ-ഗവേണൻസ് പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഇതും പരിഹരിക്കും. അഴിമതി കുറഞ്ഞ സംസ്ഥാനം എന്നല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന പേരാണ് നാം ആഗ്രഹിക്കുന്നത്. പ്രായമായവർക്ക് ജീവിതത്തിൽ സുരക്ഷാബോധം പകരാനുതകുന്ന ജനമുന്നേറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.