Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കഥകളിയെന്നാൽ ഗോപിയാശാൻ: ഗോപിയാശാനെന്നാൽ കഥകളി: ലാൽ

mohanlal കലാമണ്ഡലം ഗോപിയുടെ 80–ാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന ‘ഹരിതം’ അശീതി ചടങ്ങിൽ പ്രണാമം അർപ്പിക്കാനെത്തിയ മോഹൻലാൽ, ഗോപിയുമായി മുദ്രാഭാഷണത്തിൽ. ചിത്രം: ഉണ്ണി കോട്ടക്കൽ

തൃശൂർ ∙ വാനപ്രസ്ഥം സിനിമയുടെ ഒരുക്കത്തിന്റെ ഭാഗമായി കലാമണ്ഡലത്തിൽ പോയി കലാമണ്ഡലം ഗോപിയുടെ കഥകളി കണ്ട നിമിഷം ഇപ്പോഴും കണ്ണടച്ചാൽ ഉള്ളിൽ തെളിയുമെന്നു നടൻ മോഹൻലാൽ. തിരശീലയ്ക്കു പിന്നിൽനിന്നു കർണനായി അദ്ദേഹം വരുന്നതു കണ്ട നിമിഷം, ആ രൂപം ഉള്ളിൽ പതിഞ്ഞുവെന്നും ആ കാഴ്ചയുടെ അനുഗ്രഹം ഇപ്പോഴുമുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

കലാമണ്ഡലം ഗോപിയുടെ എൺപതാം പിറന്നാളിനോടനുബന്ധിച്ചു നടക്കുന്ന ‘ഹരിതം’ അശീതി ആഘോഷത്തോടനുബന്ധിച്ചുള്ള സമാഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കഥകളി ആത്മീയ കലാരൂപമാണെന്നും തനിക്കു കഥകളിയെന്നാൽ കലാമണ്ഡലം ഗോപിയും കലാമണ്ഡലം ഗോപിയെന്നാൽ കഥകളിയാണെന്നും ലാൽ വിശേഷിപ്പിച്ചു. വാനപ്രസ്ഥം സിനിമയിൽ തന്റെ അമ്മായി അച്ഛനായാണു ഗോപി അഭിനയിച്ചത്. അന്നത്തെ സ്പർശവും കാഴ്ചയും സാമീപ്യവും നൽകിയ അനുഗ്രഹം ഇപ്പോഴും പിന്തുടരുന്നുണ്ട്.

അദ്ദേഹത്തിന്റെ കലയുടെ അംശംപോലും തന്നിലില്ല. എങ്കിലും അന്നു മുതൽ സ്വന്തമെന്നതുപോലൊരു സ്നേഹം ഗോപി നൽകുന്നുണ്ട്. അമ്മായി അച്ഛാ... എന്നാണു കാണുമ്പോഴൊക്കെ കലാമണ്ഡലം ഗോപിയെ വിളിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. 

പച്ചയില്ലെങ്കിൽ ഗോപിയുടെ മുഖം തിരിച്ചറിയാനാവില്ലെന്നു ബി.ആർ.ഷെട്ടി

തൃശൂർ ∙ കലാമണ്ഡലം ഗോപിയെന്നു കേൾക്കുമ്പോൾത്തന്നെ പച്ചതേച്ച മുഖമാണ് ഓർമവരുന്നതെന്നും അല്ലാതെ കാണുമ്പോൾ തിരിച്ചറിയാനാവുന്നില്ലെന്നും പ്രവാസി വ്യവസായിയും പത്മശ്രീ ജേതാവുമായ ബി.ആർ.ഷെട്ടി പറഞ്ഞു.

അബുദാബിയിൽ എത്തുമ്പോഴെല്ലാം കലാമണ്ഡലം ഗോപിയുടെ കഥകളി കാണാനും അനുഗ്രഹം വാങ്ങാനും പോകാറുണ്ട്. ആറു വർഷമായി അദ്ദേഹത്തിന്റെ കഥകളിക്കായി അബുദാബിയിൽ വലിയൊരു ജനവിഭാഗം കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ വയസിനും ഒന്ന് എന്ന രീതിയിൽ 80 സ്വർണനാണയങ്ങളും ഷെട്ടി സമ്മാനിച്ചു.

related stories