Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്കോ പൈലറ്റുമാർ സമരം പിൻവലിച്ചു

കൊച്ചി∙ ഡ്യൂട്ടി പരിഷ്കാരത്തിൽ പ്രതിഷേധിച്ചു തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ലോക്കോപൈലറ്റുമാർ നടത്തിയ നിരാഹാര സമരം പിൻവലിച്ചു. പുതിയ ക്രൂലിങ്ക് നടപ്പാക്കുന്നതു മാറ്റിവയ്ക്കാൻ റെയിൽവേ തയാറായതിനെ തുടർന്നാണു സമരം പിൻവലിക്കുന്നതെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ജെ. വേണുഗോപാൽ അറിയിച്ചു.

വിശ്രമം നിഷേധിച്ചു കൊണ്ട് ഏകപക്ഷീയമായി പുതിയ ക്രൂലിങ്ക് നടപ്പാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചു നിസ്സഹകരണ സമരവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒത്തുതീർപ്പു ചർച്ചയ്ക്കു ക്ഷണിച്ചതിനാൽ നിസ്സഹകരണ സമരം നേരത്തെ അസോസിയേഷൻ വേണ്ടെന്നു വച്ചിരുന്നു.

തിരുവനന്തപുരം ഡിവിഷനിൽ ലോക്കോപൈലറ്റ് പരീക്ഷ നടത്താത്തതിനാൽ മറ്റു ഡിവിഷനുകളിൽ നിന്നു സ്ഥലമാറ്റത്തിലൂടെയാണ് ഇവിടുത്തെ ഒഴിവുകൾ നികത്തുന്നത്. പുറത്തുള്ള ഡിവിഷനുകളിലെ ലോക്കോപൈലറ്റുമാർ സ്ഥലംമാറി വന്നാൽ മാത്രമേ ഇവിടെയുള്ളവർക്കു കൃത്യമായി പ്രമോഷൻ ലഭിക്കൂ.

എന്നാൽ, മറ്റിടങ്ങളിൽ നിന്നു ലോക്കൊ പൈലറ്റുമാരെ വിട്ടുകിട്ടാത്ത അവസ്ഥയാണ്. തിരുവനന്തപുരം ഡിവിഷനിലെ ലോക്കോ പൈലറ്റ് ക്ഷാമം മൂലം ഗുഡ്സ് ഓടിക്കുന്നവരെ ഉപയോഗിച്ചാണു പലപ്പോഴും മെയിൽ, എക്സ്പ്രസ് ട്രെയിനുകളോടിക്കുന്നത്. 102 പേർ വേണ്ടിടത്തു 80 പേരാണുള്ളത്.

തിരുവനന്തപുരം ആർആർബി പരീക്ഷ നടത്താത്തതിനാൽ മലയാളി ഉദ്യോഗാർഥികൾക്കു കേരളത്തിൽ ജോലിക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്.

related stories