Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവിന്ദാപുരം കോളനിക്ക് അയിത്തം വികസനത്തിലും തൊഴിലിലും

janaki പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായാംഗമായ ജാനകിയും മകളും പൊളിഞ്ഞു വീഴാറായ വീടിനുള്ളിൽ.

പാലക്കാട്∙ ഉറങ്ങാൻ അടച്ചുറപ്പുള്ള വീടില്ല, പഠിച്ചാൽ ജോലി കിട്ടില്ല; ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായാംഗങ്ങളുടെ സങ്കടം പ്രതിഷേധത്തീയായി പടരുന്നതിനു കാരണം അവരുടെ ദാരിദ്ര്യം കൂടിയാണ്. വികസനത്തിലെ വിവേചനത്തിന് ഉദാഹരണമാണു കോളനിയിലെ ജാനകിയുടെയും വീരമ്മാളിന്റെയും വീടുകൾ.

ജാനകിയുടെ വീട് ഓടിളകി വീഴാറായി. അടിത്തറയുടെ കല്ലിളകിയിരിക്കുന്നു. അടുപ്പിലും കിടപ്പു മുറിയിലും മഴവെള്ളം. ഒരു ഇടച്ചുമരു കൊണ്ടു വേർതിരിച്ച രണ്ടു മുറിയിലും മണൽക്കൂന. നിലം തേയ്ക്കാനെത്തിച്ച മണൽ പണമില്ലാത്തതിനാൽ ഉപയോഗിച്ചിട്ടില്ല.

തൊട്ടടുത്തു പണിത കക്കൂസ് തകർന്നതോടെ പ്രാഥമിക കൃത്യങ്ങൾക്കു പോലും ഇടമില്ലാതെ കഷ്ടപ്പെടുന്നു ഈ കുടുംബം. വീരമ്മാളിന്റെ വീടിന്റെ മേൽക്കൂര ഒടിഞ്ഞു തൂങ്ങിക്കിടക്കുന്നു. പൊട്ടിയടർന്നു തൂങ്ങിയ ഓടുകൾ. മുറികളിലെല്ലാം മേൽക്കൂരയെ താങ്ങിനിർത്താനായി നാട്ടിയ മരക്കാലുകൾ. കിടക്കാനിടമില്ല. വീടിന്റെ അറ്റകുറ്റപ്പണിക്കായി മുതലമട പഞ്ചായത്തിൽ 2009 മുതൽ അപേക്ഷിച്ചതിന്റെ രസീതുകളും കുറെ സങ്കടങ്ങളും മാത്രമുണ്ട് ഈ വീട്ടിൽ.

govindapuram അംബേദ്കർ കോളനിയിലെ ചക്ലിയ സമുദായംഗമായ വീരമ്മാളിന്റെ മേൽക്കൂര തകർന്ന വീട്.

മുറികൾക്കുള്ളിൽ തളംകെട്ടി നിൽക്കുന്ന മഴവെള്ളത്തിലാണു മൂന്നു പെൺമക്കളും മകനും രണ്ടു പെൺമക്കളുടെ ഭർത്താക്കന്മാരും ഉൾപ്പെടെ 13 പേർ കഴിയുന്നത്. കോളനിയിൽ മൊത്തം 350ൽ ഏറെ വീടുകളുണ്ട്. അതിൽ 133 വീടുകൾ ചക്ലിയരുടേതാണ്. മുന്നൂറോളം കുടുംബങ്ങളുണ്ട് ഈ വീടുകളിൽ. 30 വർഷം മുൻപു ലഭിച്ച വീടുകളാണധികവും. അറ്റകുറ്റപ്പണി നടത്തിയിട്ടേയില്ല. അപേക്ഷ നൽകിയാലും പരിഗണിക്കാറില്ലെന്ന് ഇവർ പറയുന്നു. 

‘പട്ടികജാതിക്കാർക്കായുള്ള ഫണ്ട് ഉപയോഗിച്ചു ഞങ്ങൾക്കു ചുറ്റുമുള്ളവർക്കു റോഡ് നന്നാക്കുന്നു. കാനകളും തെരുവുവിളക്കുകളും നല്ല ഇടറോഡുകളും നിർമിക്കുന്നു. ഫണ്ടെല്ലാം ഞങ്ങളുടെ പേരിൽ. പക്ഷേ, ഗുണം മുഴുവൻ മറ്റുള്ളവർക്ക്’, തെരുവുവിളക്കില്ലാത്ത, ജലവിതരണ പൈപ്പുകളില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ ഇടവഴികൾ ചൂണ്ടി കോളനിക്കാർ പറയുന്നു. 

വിദ്യാഭ്യാസം നേടിയവർക്കു പോലും ജോലിയില്ല. എംഎസ്ഡബ്ല്യു കഴിഞ്ഞ ചിലമ്പരശൻ(29) ജോലി കിട്ടാതെ കാലി മേയ്ക്കുന്നു. എംകോം പൂർത്തിയാക്കിയ ശിവ, എംഎസ്‌സി കഴിഞ്ഞ മണികണ്ഠൻ, ബികോം വരെ പഠിച്ച സെന്തിൽകുമാർ എന്നിങ്ങനെ തൊഴിലില്ലാത്ത ചെറുപ്പക്കാർ ഏറെ.

പ്ലസ്ടുവിന് എ പ്ലസ് നേടിയ രഞ്ജിത പണമില്ലാതെ പഠിപ്പു നിർത്തി ഫാൻസി കടയിൽ ജോലിക്കു പോവുന്നു. മുതലമട സ്കൂളിൽ പ്യൂണായി വിരമിച്ച മയിൽച്ചാമിയാണു ചക്ലിയർക്കിടയിൽ സർക്കാർ ജോലി ലഭിച്ച ഏകയാൾ.