Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പപ്പടത്തിൽ ചേർക്കാൻ എത്തിച്ച അലക്കു കാരം പിടികൂടി

pappad പാലക്കാട് മേപ്പറമ്പ് ബൈപാസിലെ ഗോ‍ഡൗണിൽ പപ്പടത്തിൽ ചേർക്കാനായി സൂക്ഷിച്ചിരുന്ന അലക്കുകാരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയപ്പോൾ.

പാലക്കാട്∙ പപ്പടത്തിൽ ചേർക്കാൻ കൊണ്ടുവന്ന അലക്കു കാരത്തിന്റെ വൻശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. മേപ്പറമ്പ് ബൈപാസിലെ സ്വകാര്യ ഗോഡൗണിൽ മലപ്പുറത്തെ ഭക്ഷ്യസുരക്ഷാ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിലാണു മധുരയിൽനിന്ന് എത്തിച്ച 26 ചാക്ക് അലക്കുകാരം പിടികൂടിയത്.

പപ്പടം നിർമിക്കാൻ ഉപയോഗിക്കുന്ന ഉഴുന്നുമാവിനൊപ്പമാണ് കാരം വിതരണം ചെയ്യുന്നത്. സാധാരണ പപ്പട നിർമാണത്തിന് സോഡിയം ബൈ കാർബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക. ഇന്നലെ പിടിച്ചെടുത്തത് സോഡിയം കാർബണേറ്റ് അടങ്ങിയ അലക്കുകാരമാണ്. ഇതിന്റെ തുടർച്ചയായ ഉപയോഗം കാൻസറിനു വരെ കാരണമായേക്കാമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

പായ്ക്കറ്റിനു പുറത്ത് വ്യാവസായിക ആവശ്യത്തിനു മാത്രം എന്ന് ഇംഗ്ലിഷി‍ൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴിൽ അലക്കുകാരം എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മലയാളത്തിൽ വെറും കാരം എന്നാണ് എഴുതിയിട്ടുള്ളത്. അരക്കിലോ പായ്ക്കറ്റിന് 36 രൂപയാണ് വില. യഥാർഥ കാരത്തിന് ഇതിലേറെ വിലവരും. 

സാധാരണ കാരം ഉപയോഗിച്ച് പപ്പടം നിർമിക്കുമ്പോൾ മൂന്നോ നാലോ ദിവസം മാത്രമേ കേടുകൂടാതെ സൂക്ഷിക്കാനാകൂ. അതേ സമയം അലക്കുകാരം ഉപയോഗിച്ചാൽ പപ്പടം കാച്ചുമ്പോൾ ചുവക്കില്ലെന്നു മാത്രമല്ല ഒന്നര ആഴ്ച വരെ കേടാകാതെ ഇരിക്കും.

ഇതു ചൂണ്ടിക്കാട്ടിയാണ് ചെറുകിട പപ്പട നിർമാതാക്കൾക്ക് അലക്കുകാരം വിതരണം ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വീടുകളിലും മറ്റുമുള്ള ചെറുകിട പപ്പട നിർമാതാക്കളിൽ ഭൂരിഭാഗംപേർക്കും ഇതിന്റെ ദോഷവശങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. 

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം മലപ്പുറം അസിസ്റ്റന്റ് കമ്മിഷണർ കെ. സുഗുണൻ, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ സി.എ. ജനാർദ്ദനൻ, ബിബി മാത്യു, അബ്ദുൽ റഷീദ് എന്നിവരടങ്ങിയ സംഘമാണു പരിശോധന നടത്തിയത്. നോമ്പുകാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കമ്മിഷണറുടെ നിർദേശപ്രകാരമാണു നടപടി. പിടികൂടിയ അലക്കുകാരം തീയിട്ടു നശിപ്പിച്ചു. ഉടമസ്ഥന് 25,000 രൂപ പിഴ ചുമത്തി.