Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യനയം: ശക്തമായ സമരം നടത്തുമെന്ന് കെസിബിസി

Soosapakiam ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം

കൊച്ചി ∙ സർക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നു കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി). 31 രൂപതകളിലെ യുവജന, വനിതാ സംഘടനകളുടെ സഹകരണത്തോടെ പ്രാദേശികതലത്തിൽ ചെറുത്തുനി‍ൽപ് വ്യാപിപ്പിക്കുമെന്നു കെസിബിസി അധ്യക്ഷൻ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു.

കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ 15നു കൊച്ചിയിൽ മദ്യനയത്തെ എതിർക്കുന്ന സംഘടനകളുടെ യോഗം ചേർന്ന് സമരപരിപാടികൾ തീരുമാനിക്കും. നക്ഷത്ര ഹോട്ടലുകളിൽ കള്ളുവിൽപന തുടങ്ങുന്നതു മദ്യദുരന്തത്തിൽ കലാശിക്കുമെന്ന് ആർച്ച് ബിഷപ് സൂസപാക്യം, കെസിബിസി ജാഗ്രതാ കമ്മിഷൻ അധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മീഡിയ കമ്മിഷൻ അധ്യക്ഷൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ എന്നിവർ പറഞ്ഞു.

നിലവിലുള്ള കള്ളുഷാപ്പുകളിൽ വിൽക്കാനുള്ള കള്ളുപോലും കേരളത്തിലെ തെങ്ങുകളിൽ നിന്നു ലഭിക്കുന്നില്ല. വിഷക്കള്ളാണു പലേടത്തും വിൽക്കുന്നത്. ഇവ നക്ഷത്ര ഹോട്ടലുകളിലേക്കു വ്യാപിപ്പിക്കുന്നതു മദ്യദുരന്തത്തിന് ഇടയാക്കും. ദേശീയപാതയോരത്തു പൂട്ടിയ മദ്യശാലകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുന്നതു ശരിയല്ല. വിമാനത്താവളങ്ങളുടെ ആഭ്യന്തര ടെർമിനലുകളിൽ മദ്യവിൽപന ആരംഭിക്കുന്നതു വിനാശകരമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം ഓർഡിനൻസിലൂടെ എടുത്തുകളഞ്ഞതു ജനാധിപത്യവിരുദ്ധമാണ്.

മദ്യത്തിനെതിരെ സർക്കാർ നടത്തുന്ന ബോധവൽക്കരണം കബളിപ്പിക്കലാണ്. ബോധവൽക്കരണത്തിനു ചുമതലപ്പെടുത്തേണ്ടത് എക്സൈസ് വകുപ്പിനെയല്ല, വിദ്യാഭ്യാസ, സാമൂഹികക്ഷേമ, ആരോഗ്യവകുപ്പുകളെയാണ്. മദ്യവിവാദത്തിലേക്കു കുർബാന വീഞ്ഞിനെ വലിച്ചിഴയ്ക്കുന്നതിനെ കെസിബിസി സാരഥികൾ അപലപിച്ചു.