Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടെങ്കിൽ റദ്ദാക്കാൻ കെപിസിസിയുടെ വെല്ലുവിളി

Vizhinjam-port-1

തിരുവനന്തപുരം∙ വിഴി‍ഞ്ഞം കരാറിൽ ക്രമക്കേടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനു തോന്നുന്നുവെങ്കിൽ കരാർ റദ്ദാക്കി പുതിയ കരാർ നടപ്പാക്കണമെന്നു കെപിസിസി രാഷ്ട്രീയകാര്യസമിതി സർക്കാരിനെ വെല്ലുവിളിച്ചു. ഒരു വശത്ത് അഴിമതി ആരോപിക്കുകയും മറുവശത്തു പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ആവർത്തിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്.

വിഴിഞ്ഞം എന്ന സ്വപ്നപദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി കാട്ടിയ യുഡിഎഫ് സർക്കാരിനെ താഴ്ത്തിക്കെട്ടാനായി നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണ് ഈ നീക്കം. അഴിമതിയുണ്ടെന്നു തെളിഞ്ഞാൽ കരാർ റദ്ദാക്കാനുള്ള വ്യവസ്ഥകൾ അതിൽ തന്നെയുണ്ട്. അതു പരിശോധിച്ചു റദ്ദാക്കൂ– രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിച്ചു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ ആവശ്യപ്പെട്ടു. കരാർ സംബന്ധിച്ച സിഎജി റിപ്പോർട്ട് വസ്തുതാപരമല്ലെന്നു യോഗം വിലയിരുത്തി. അതു പരിഹരിക്കാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി തന്നെ നടപടി എടുക്കുന്നുണ്ടെന്നു ഹസൻ പറഞ്ഞു.

അതിനിടയിലാണു സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തെ പാർട്ടി സ്വാഗതം ചെയ്യുന്നു. എന്നാൽ അഴിമതി ബോധ്യമുണ്ടെങ്കിൽ പിന്നെ എന്തിന് ഈ കരാറുമായി മുന്നോട്ടുപോകണം? ആരോപണങ്ങൾ പദ്ധതിക്കു തടസ്സമാകരുത് എന്നാണല്ലോ ഉമ്മൻചാണ്ടി പറയുന്നത് എന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, ഇതു പാർട്ടി ചർച്ച ചെയ്തെടുത്ത നിലപാടാണെന്നു ഹസൻ പറഞ്ഞു. കരാർ കോൺഗ്രസിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

യുഡിഎഫിന്റെ മദ്യനയം അട്ടിമറിച്ചുള്ള എൽഡിഎഫിന്റെ പുതിയ നയം മദ്യവ്യാപനത്തിനു മാത്രമേ ഉപകരിക്കൂ. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെ അണിനിരത്തി ഇതിനെതിരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രചാരണം നടത്തും. വീട്ടമ്മമാരെ മഹിളാ കോൺഗ്രസ് അണിനിരത്തും. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ തൊടാതെ പരസ്യങ്ങളിലൂടെ നേട്ടങ്ങൾ വിളമ്പുന്ന ഒന്നായി പിണറായി സർക്കാർ മാറിയെന്നു യോഗം വിലയിരുത്തി.

ഒരു കോടി മരങ്ങൾ നടാൻ രണ്ടുകോടി രൂപ പരസ്യത്തിനു ചെലവാക്കി. പരസ്യങ്ങൾക്കു മാറ്റിവയ്ക്കുന്ന തുകയിൽ ചെറിയ പങ്കെങ്കിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയ്ക്കു നൽകണം. മഹാത്മാഗാന്ധിയെ അപമാനിച്ച ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കെതിരെ കേസെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി നിർദേശിക്കണമെന്നു ഹസൻ ആവശ്യപ്പെട്ടു.

കൂടിയാലോചന വേണമെന്ന് ‘വീക്ഷണ’ത്തിനു നിർദേശം

നയപരമായ കാര്യങ്ങൾ പ്രതിപാദിക്കുമ്പോൾ പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കണമെന്നു കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണ’ത്തോട് ആവശ്യപ്പെട്ടതായി ഹസൻ വ്യക്തമാക്കി. കെ.എം.മാണിക്കെതിരായ മുഖപ്രസംഗത്തിന്റെ കാര്യത്തിൽ ആ കൂടിയാലോചന ഉണ്ടായില്ല. പാർട്ടി അറിയാതെയാണ് അതു പ്രസിദ്ധീകരിച്ചതെന്നും ഹസൻ ചൂണ്ടിക്കാട്ടി.