Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം: അഴിമതി നടന്നിട്ടുണ്ടെങ്കിൽ കരാർ റദ്ദാക്കാനും വ്യവസ്ഥയെന്ന് ഉമ്മൻചാണ്ടി

Vizhinjam-port

തിരുവനന്തപുരം∙ കേരളത്തിനു ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ വിസ്‌മരിക്കുകയോ മറച്ചുവയ്‌ക്കുകയോ ചെയ്‌തുകൊണ്ടാണു വിഴിഞ്ഞം പദ്ധതിക്കെതിരെ കല്ലുവച്ച നുണകളും വ്യാജ പ്രചാരണങ്ങളും അഴിച്ചുവിട്ടിരിക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കരാറുകാരനെ തിരഞ്ഞെടുക്കുന്നതിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ കരാറുകാരൻ അംഗീകരിച്ച ആർഎഫ്പി വ്യവസ്ഥ പ്രകാരം ഒരു നഷ്‌ടപരിഹാരവും നൽകാതെ കരാർ റദ്ദു ചെയ്യാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പോർട്ട് എസ്റ്റേറ്റിലെ മുതൽമുടക്കു മുഴുവനും പണി ഏറ്റെടുക്കുന്ന കമ്പനിക്കാണെങ്കിലും ഏഴാം വർഷം മുതൽ വരുമാനത്തിന്റെ (ടോട്ടൽ ടേണോവർ) 10% സംസ്ഥാനത്തിനു ലഭിക്കും. തുറമുഖത്തിൽനിന്നുമുള്ള വരുമാനം 15 വർഷത്തിനുശേഷം ഒരു ശതമാനം മുതൽ ഓരോ വർഷവും ഒരു ശതമാനം വീതം വർധിച്ച് 40 വർഷം ആകുമ്പോൾ വരുമാനത്തിന്റെ 25% (ടോട്ടൽ ടേൺഓവർ) വീതം ലഭിക്കും. കാലാവധി വീണ്ടും നീളുന്നുവെങ്കിൽ ഓരോ വർഷവും ഒരുശതമാനം വീതം കൂടി 40% വരെ വരുമാനത്തിന്റെ വിഹിതം കിട്ടും.

ഒരു രാജ്യന്തര തുറമുഖം കേരളത്തിൽ എത്തുന്നതിന്റെ മറ്റു പ്രയോജനങ്ങൾ വേറെ. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് പദ്ധതിയെ ഇല്ലാതാക്കാൻ അച്ചാരം വാങ്ങിയ മട്ടിൽ ചിലർ രംഗത്തുവന്നിരിക്കുന്നത് ആഗോള ടെൻഡർ പ്രകാരം മൂന്നു ബിഡർമാർക്കും നൽകിയിട്ടുള്ള കരാറും അന്തിമ കരാറുമായി ഒരു മാറ്റവും വരുത്തിയിട്ടില്ല. അദാനിക്കു കരാർ നൽകിയതിനുശേഷം യൂസർ ഫീ പിരിക്കാനുള്ള അവകാശം 30 വർഷത്തിൽനിന്നു 40 വർഷമാക്കി എന്ന വി.എസ്. അച്യുതാനന്ദന്റെ ആക്ഷേപം തെറ്റാണ്.

ബ്രേക്ക്‌വാട്ടറിന്റെയും മത്സ്യബന്ധന തുറമുഖത്തിന്റെയും നിർമാണ ചുമതല കരാർ ഒപ്പുവച്ചതിനുശേഷം അദാനിക്കു നൽകിയെന്ന വാദവും അടിസ്ഥാനരഹിതമാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വേണ്ടി മത്സ്യബന്ധന തുറമുഖം എന്ന ആശയംപോലും എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയിൽ ഉണ്ടായിരുന്നില്ല. ആസ്തി പണയം വയ്‌ക്കുന്നതു സംബന്ധിച്ച തീരുമാനം 2015 ഓഗസ്റ്റിലോ ബിഡ് സമർപ്പിച്ചതിനുശേഷമോ കൈക്കൊണ്ടതല്ല. വിഎസ് സർക്കാർ അംഗീകരിച്ച ഐഎഫ്സി റിപ്പോർട്ട് പ്രകാരം നടത്തിയ ടെൻഡർ നടപടിക്രമങ്ങളിലെ പ്രീ-ബിഡ് മീറ്റിങ്ങു‌കൾക്കു ശേഷം അന്തിമ കരട് കരാർ തയാറാക്കിയ രീതിയിൽനിന്നു വ്യതിചലിച്ചിട്ടില്ല.

രണ്ടു കരാറുകളും താരതമ്യം ചെയ്യുന്നതിൽനിന്ന് ആരെയും വിലക്കിയിട്ടില്ല എന്നു പറയുന്ന വിഎസ് എന്തുകൊണ്ട് അതു ജുഡീഷ്യൽ കമ്മിഷന്റെ ജോലിയല്ല എന്നും പറയുന്നുവെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. വയബിലിറ്റി ഗ്യാപ് ഫണ്ടായി(വിജിഎഫ്) 1226.7 കോടി രൂപ മുൻകൂറായി നൽകുന്നു എന്നു വിഎസ് പറയുന്നതു വസ്തുതാവിരുദ്ധമാണ്. കരാറുകാരൻ തന്റെ മുതൽമുടക്ക് (ഇക്വിറ്റി) പൂർണമായി വിനിയോഗിച്ചശേഷം കടത്തിന് ആനുപാതികമായാണ് ഈ തുക നൽകുന്നത്.

ഈ വ്യവസ്ഥ വിജിഎഫ് ഗൈഡ്‌ലൈൻ പ്രകാരമുള്ള എല്ലാ പദ്ധതികളിലും ഉള്ളതാണ്. 123 രൂപ കോടി നഷ്‌ടം സംബന്ധിച്ച സിഎജിയുടെ നിരീക്ഷണത്തിലെ വസ്തുതാപരമായ പിഴവു ചൂണ്ടിക്കാട്ടി സർക്കാർ തന്നെ 2016ൽ കത്തു നൽകിയിട്ടുണ്ട്. പോർട്ട് എസ്റ്റേറ്റിനു വേണ്ടിവരുന്ന 100% നിക്ഷേപവും കരാറുകാരൻ സ്വന്തമായി കണ്ടെത്തണം. ഇതിനു വിജിഎഫ് ബാധകമല്ല. ഈ തുക മുഴുവനും ചെലവാക്കിയശേഷം പോർട്ട് എസ്റ്റേറ്റിൽനിന്നുള്ള വരുമാനത്തിന്റെ തന്നെ 10 ശതമാനം (ലാഭത്തിന്റെ അല്ല) നടത്തിപ്പിന്റെ ഏഴാം വർഷം മുതൽ സംസ്ഥാന സർക്കാരിനു നൽകണം.

കരടു കരാറും അന്തിമ കരാറും വ്യക്തമായി മനസ്സിലാക്കാത്തതുകൊണ്ടാണ് ഇക്കാര്യത്തിൽ തെറ്റായ നിഗമനത്തിൽ എത്തിയത്. പോർട്ട് എസ്റ്റേറ്റ് ഡവലപ്‌മെന്റ് സംബന്ധിച്ചു ‌വിജിഎഫ് അംഗീകരിച്ച വ്യവസ്ഥകൾ മാത്രമാണ് അന്തിമ കരാറിൽ ഉള്ളത്. അദാനിക്കു വേണ്ടി മാറ്റങ്ങൾ വരുത്തിയെന്ന ആക്ഷേപം ശരിയല്ല. കരാർ കാലാവധി അവസാനിക്കുമ്പോൾ ടെർമിനേഷൻ പേയ്‌മെന്റ് ആയി 19,555 കോടി രൂപ നൽകേണ്ടിവരും എന്ന സിഎജി. നിരീക്ഷണവും അച്യുതാനന്ദന്റെ ആരോപണവും വസ്തുതാവിരുദ്ധമാണ്.

പോർട്ട് എസ്റ്റേറ്റിൽനിന്നുള്ള വരുമാനവും കണക്കിലെടുത്താണ് ഈ തുക സിഎജി കണക്കുകൂട്ടിയിരിക്കുന്നത്. എന്നാൽ കരാറുകാരന്റെ മുതൽമുടക്കിലുള്ള പോർട്ട് എസ്റ്റേറ്റിൽനിന്നുള്ള വരുമാനം ടെർമിനേഷൻ ഫീയിൽ കരാർ പ്രകാരം ഉൾപ്പെടുത്തേണ്ടതില്ല– ഉമ്മൻചാണ്ടി പറഞ്ഞു.

related stories