Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസൽ വധം: തുടരന്വേഷണ ഹർജി തള്ളി; കാരായിമാർ പ്രതികളായ കേസിൽ സിബിഐ കുറ്റപത്രത്തിൽ വീഴ്ചയില്ലെന്നു കോടതി

കൊച്ചി ∙ സിപിഎം നേതാക്കൾ മുഖ്യപ്രതികളായ തലശേരി ഫസൽ വധക്കേസിൽ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച തുടരന്വേഷണ ഹർജി സിബിഐ കോടതി തള്ളി. അന്വേഷണം പൂർത്തിയാക്കി സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചതായി സമർഥിക്കാൻ ഹർജിക്കാരനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് ഏതു കേസിലും പുതിയ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം ആവശ്യപ്പെടാനുള്ള അധികാരം അന്വേഷണ ഉദ്യോഗസ്ഥനാണ്. ഫസൽ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ തുടരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച ഫസലിന്റെ ഭാര്യയും കുറ്റപത്രം സംബന്ധിച്ചു കോടതി മുൻപാകെ ആക്ഷേപം ഉന്നയിച്ചിട്ടില്ല.

ഹർജിക്കാരനായ സത്താറിന്റെ കൂറ് സംശയത്തിന്റെ നിഴലിലാണെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരടക്കം എട്ടു പ്രതികൾക്കെതിരെയാണു സിബിഐ കുറ്റപത്രം സമർപ്പിച്ചത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആർഎസ്എസുകാരനായ ചെമ്പ്ര സ്വദേശി സുബീഷ് നടത്തിയ വെളിപ്പെടുത്തലാണു തുടരന്വേഷണ ഹർജിക്കു വഴിയൊരുക്കിയത്.

എന്നാൽ കുറ്റപത്രത്തിനൊപ്പം സിബിഐ സമർപ്പിച്ച ശാസ്ത്രീയ തെളിവുകളും സുബീഷിന്റെ വെളിപ്പെടുത്തലുകളും പൊരുത്തപ്പെടുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ സിബിഐയുടെ അന്വേഷണ നിഗമനങ്ങളെ സംശയിക്കത്തക്ക പുതിയ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. എൻഡിഎഫ് തലശേരി സബ്‌ഡിവിഷൻ കൗൺസിൽ അംഗവും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി പിലാക്കൂലിലെ ഒളിയിലക്കണ്ടി മുഹമ്മദ് ഫസൽ (35) കൊല്ലപ്പെടുന്നത് 2006 ഒക്‌ടോബർ 22–നാണ്.

സൈദാർപള്ളിക്കു സമീപം ജഗന്നാഥ ടെംപിൾ റോഡിൽ പുലർച്ചെയായിരുന്നു കൊല നടന്നത്. സിപിഎം പ്രവർത്തകനായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ അന്വേഷണ നിഗമനങ്ങളെ ചോദ്യം ചെയ്യാവുന്ന സുബീഷിന്റെ വെളിപ്പെടുത്തലിന്റെ വിഡിയോ ദൃശ്യങ്ങൾ, ഫോൺ സംഭാഷണത്തിന്റെ പെൻഡ്രൈവ് എന്നിവ സത്താർ കോടതിയിൽ ഹാജരാക്കിയിരുന്നു.

രാത്രി ഒന്നരയോടെയാണു ഫസലിനെ വധിച്ചതെന്നു സുബീഷ് പറയുമ്പോൾ കൊല നടന്നതു പുലർച്ചെ 3.30–നാണെന്നതിനു വ്യക്തമായ തെളിവുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന മുറിവുകളും സുബീഷിന്റെ വെളിപ്പെടുത്തലുകളുമായി പൊരുത്തപ്പെടുന്നില്ല. സുബീഷിന്റെ കുറ്റസമ്മതമൊഴി സിപിഎം നേതാക്കളായ പ്രതികളെ സംരക്ഷിക്കാനായി കെട്ടിച്ചമച്ചതാണെന്നു പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

കസ്റ്റഡിയിൽ പീ‍ഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തിയാണു ഫസൽ വധക്കേസിൽ കുറ്റസമ്മതമൊഴി പറയിച്ചു പൊലീസ് റെക്കോർഡു ചെയ്തതെന്നു സുബീഷു തന്നെ പിന്നീടു വെളിപ്പെടുത്തിയ കാര്യവും സിബിഐ കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

അന്വേഷണം അട്ടിമറിക്കാൻ ഫസലിന്റെ സഹോദരൻ സത്താർ തന്നെ പ്രതികൾക്കൊപ്പം ചേർന്നതിന്റെ തെളിവാണു തുടരന്വേഷണ ഹർജിയെന്നാണു കോടതിയിൽ സിബിഐ സ്വീകരിച്ച നിലപാട്.

related stories