Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം മെട്രോയിൽ; വികസനത്തിനു കൈകോർക്കുമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

kochi-metro കൊച്ചി പോലെ സുന്ദരി: കൊച്ചി മെട്രോയിൽ സഞ്ചരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാറ്റ്ഫോമിലൂടെ നടന്ന് കോച്ചുകളുടെ ഭംഗി ആസ്വദിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ജസ്റ്റിസ് പി.സദാശിവം, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു എന്നിവർ സമീപം.

കൊച്ചി ∙ രാജ്യത്തെ ഏറ്റവും മികച്ച മെട്രോയെന്ന പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങി കൊച്ചി മെട്രോ ഓടിത്തുടങ്ങി. വികസനത്തിനു വേണ്ടി കേന്ദ്രവും സംസ്ഥാനവും കൈകോർക്കുമെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒരുമിച്ചു പ്രഖ്യാപിച്ച വേദിയിൽ മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ പാത, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിച്ചു.

മെട്രോമാൻ ഇ. ശ്രീധരൻ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയ ചടങ്ങ് കൊച്ചിയുടെ സ്വപ്ന സാഫല്യത്തിന്റെ തിളക്കമായി. പാലാരിവട്ടം സ്റ്റേഷനിൽനിന്നു പത്തടിപ്പാലംവരെ മെട്രോയിൽ യാത്ര ചെയ്തശേഷം കലൂരിലെ ഉദ്ഘാടന വേദിയിലെത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോയുടെ പ്രത്യേകതകൾ എണ്ണിപ്പറഞ്ഞു.

നഗര വികസനത്തിൽ ജനകേന്ദ്രീകൃത മാതൃക കൊണ്ടുവരാനാണു സർക്കാർ ആഗ്രഹിക്കുന്നത്. 50 നഗരങ്ങൾ പുതുതായി മെട്രോ സംവിധാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മെട്രോകൾക്കു വേണ്ട കോച്ചുകളും സിഗ്നൽ സംവിധാനവും ഇന്ത്യയിൽത്തന്നെ നിർമിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ന്യായമായ കാരണങ്ങളുടെ പേരിലല്ലാതെ വികസന പ്രവർത്തനങ്ങൾക്കു തടസ്സം നിൽക്കുന്നതു സർക്കാർ അംഗീകരിക്കില്ലെന്നും വികസനത്തിന്റെ പേരിൽ നഷ്ടം നേരിടുന്നവർക്കു മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൽ ഏതു വികസന പ്രവർത്തനവും സമയത്തു പൂർത്തിയാക്കാനാകുമെന്നതിന് ഉദാഹരണമാണ് കൊച്ചി മെട്രോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗവർണർ ജസ്റ്റിസ് പി. സദാശിവം, കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എംപി, മേയർ സൗമിനി ജെയിൻ, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ, കെഎംആർഎൽ മാനേജിങ് ഡയറക്ടർ  ഏലിയാസ് ജോർജ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. സംസ്ഥാന മന്ത്രിമാരും ഉന്നതോദ്യേഗസ്ഥരുമടങ്ങുന്ന സദസ് മെട്രോയുടെ ഉദ്ഘാടനത്തിനു സാക്ഷ്യം വഹിച്ചു

പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും കേരളത്തിന്റെ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. കൊച്ചി മെട്രോയുടെ യാത്രാകാർഡ് ആയ ‘കൊച്ചി വൺ’ സ്മാർട് കാർഡ് ചടങ്ങിൽ പുറത്തിറക്കി.