Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ: മുഖ്യമന്ത്രിയുടെ നിർദേശത്തിന് വഴങ്ങാതെ റവന്യു മന്ത്രി

തിരുവനന്തപുരം∙ ദേവികുളം സബ് കലക്ടർ വി.ശ്രീറാമിന്റെ കയ്യേറ്റമൊഴിപ്പിക്കൽ നടപടികൾ പരിശോധിക്കാൻ യോഗം ചേരണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിനു വഴങ്ങാതെ റവന്യു മന്ത്രി. യോഗം ചേരേണ്ട ആവശ്യമുണ്ടോയെന്ന് ആരാഞ്ഞു മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്കു കത്തു നൽകി. ശ്രീറാമിനെ നീക്കാനുള്ള സമ്മർദത്തിനു വഴങ്ങേണ്ടെന്നു പാർട്ടിയും മന്ത്രിക്കു നിർദേശം നൽകിയതോടെ മൂന്നാർ വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലെ പോരു മുറുകി. 

മൂന്നാർ പൊലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും 48 മണിക്കൂറിനകം ഒഴിയണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ഒൻപതിനു സബ് കലക്ടർ നോട്ടിസ് നൽകിയിരുന്നു. സർക്കാരിന്റെ കുത്തകപ്പാട്ട ഭൂമിയിൽ നേരത്തേയുണ്ടായിരുന്ന കെട്ടിടം പുതുക്കിപ്പണിതശേഷം ഹോംസ്റ്റേ നടത്തിവരുന്ന സ്വകാര്യ വ്യക്തിക്കാണു നോട്ടിസ് നൽകിയത്.

ഇൗ നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണു മന്ത്രി എം.എം.മണി, എസ്.രാജേന്ദ്രൻ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി തുടങ്ങിയവരുൾപ്പെട്ട സർവകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടത്. ഇടുക്കി ജില്ലയിലെ മുതിർന്ന നേതാവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ സി.എ.കുര്യനാണു നിവേദനത്തിൽ ആദ്യം ഒപ്പിട്ടത്. 

ഇൗ 22 സെന്റ് സ്ഥലം ഒഴിപ്പിച്ചശേഷം സബ് കലക്ടർ മറ്റു കയ്യേറ്റങ്ങൾ‌ ഒഴിപ്പിക്കാൻ തുടങ്ങുമെന്ന ആശങ്കയാണു നിവേദനത്തിനു പിന്നിൽ. ഇൗ നിവേദനത്തെക്കുറിച്ചു ചർച്ച ചെയ്യാനാണു ബന്ധപ്പെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിവേദനത്തിൽ ഒപ്പിട്ടിരിക്കുന്നവരെയും പങ്കെടുപ്പിച്ചു യോഗം വിളിക്കാൻ റവന്യു മന്ത്രിയോടു മുഖ്യമന്ത്രി നിർദേശിച്ചത്. എന്നാൽ, വില്ലേജ് ഓഫിസ് നിർമിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം കയ്യേറിയത് ഒഴിപ്പിക്കണമെന്ന നിലപാടാണു മന്ത്രിക്ക്.

നിവേദനത്തിൽ ഒപ്പിട്ടവരെ എല്ലാം യോഗത്തിൽ പങ്കെടുപ്പിക്കുന്നത് ഉചിതമായ തീരുമാനവുമല്ല. കയ്യേറിയ വ്യക്തി പോലും യോഗത്തിൽ പങ്കെടുക്കുന്ന സാഹചര്യമുണ്ടാകും. ഇത് ഒഴിവാക്കുന്നതിനാണു യോഗം ചേരണമോ എന്നാരാഞ്ഞു മുഖ്യമന്ത്രിക്ക് ഇന്നലെ കത്തു നൽകിയത്. കോവളം കൊട്ടാരവും ഭൂമിയും സ്വകാര്യ വ്യക്തിക്കു പൂർണമായി കൈമാറുന്നതിലും നേരത്തേ റവന്യു വകുപ്പ് എതിർപ്പ് അറിയിച്ചിരുന്നു.