Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ ഹോംസ്റ്റേ സർക്കാർ ഭൂമിയിലെന്ന് റവന്യു വകുപ്പ്

കൊച്ചി ∙ മൂന്നാർ വില്ലേജ് ഓഫിസിനു യോജിച്ചതെന്നു തഹസിൽദാർ കണ്ടെത്തിയ സ്ഥലത്താണ് അനധികൃത ഹോംസ്റ്റേ പ്രവർത്തിക്കുന്നതെന്നു റവന്യു വകുപ്പ് ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സർക്കാർ ആവശ്യത്തിന് ഉടൻ സ്ഥലം ലഭ്യമാക്കേണ്ടതിനാലാണു ഹോംസ്റ്റേ പ്രവർത്തിക്കുന്ന സ്ഥലം രണ്ടുദിവസത്തിനകം ഒഴിയാൻ നോട്ടിസ് നൽകിയതെന്നും അറിയിച്ചു.  

2014 നവംബർ ഏഴിലെ സർക്കാർ ഉത്തരവനുസരിച്ച് നിലവിലെ കെഡിഎച്ച് വില്ലേജ് വിഭജിച്ച് മൂന്നാർ ടൗൺ ആസ്ഥാനമായി മൂന്നാർ വില്ലേജ് രൂപീകരിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മൂന്നാർ ടൗൺപരിധിയിൽ ആവശ്യത്തിനു ഭൂമിയോ കെട്ടിടമോ ഇല്ലാത്തതിനാൽ ഇതു നടപ്പാക്കാനായില്ല. സർക്കാരിന്റെയും കലക്ടറുടെയും നിർദേശം മാനിച്ചും പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തിയും ഉചിതമായ സ്ഥലം കണ്ടെത്തണം.

ലവ്ഡേൽ ഹോംസ്റ്റേ പ്രവർത്തിക്കുന്ന സ്ഥലത്തു സർക്കാർ ഭൂമിയുൾപ്പെട്ടിട്ടുണ്ട്. സർക്കാർ ഭൂമിയിൽ കയ്യേറ്റമില്ലെന്നുറപ്പാക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം ഉദ്യോഗസ്ഥർക്കു ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. കേരള ഭൂമി പതിച്ചുനൽകൽ നിയമപ്രകാരം കലക്ടർക്ക് അപ്പീലോ റിവിഷനോ പരിഗണിക്കാൻ അധികാരമില്ലാത്തതിനാൽ ഹർജി നിലനിൽക്കില്ലെന്നും ദേവികുളം ആർഡിഒ ശ്രീറാം വെങ്കിട്ടരാമൻ അറിയിച്ചു. 

ഉപപാട്ടത്തിനു നേടിയ 22 സെന്റും ടാറ്റാ ടീയിൽ നിന്നു ലൈസൻസ് കരാർ പ്രകാരം നേടിയ  മൂന്നര സെന്റും ഉൾപ്പെടെ 25.5 സെന്റ് സ്ഥലമാണു കൈവശത്തിലുള്ളതെന്നു ചൂണ്ടിക്കാട്ടി ഹോംസ്റ്റേ നടത്തിപ്പുകാരനായ വി.വി. ജോർജ് നൽകിയ ഹർജിയിലാണു വിശദീകരണം. 2017 ജൂൺ ആറിനു ദേവികുളം തഹസിൽദാർ നൽകിയ ഒഴിപ്പിക്കൽ നോട്ടിസ് ചോദ്യം ചെയ്താണു ഹർജി.