Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയ്ക്ക് ജനകീയ ഉദ്ഘാടനം വേണ്ടിയിരുന്നു: ഉമ്മൻ ചാണ്ടി

Congress Leaders at Metro മെട്രോ യാത്രയ്ക്കുശേഷം ഉമ്മൻ ചാണ്ടിയും മറ്റു നേതാക്കളും പാലാരിവട്ടം സ്റ്റേഷനിലിറങ്ങിയപ്പോൾ നൽകിയ സ്വീകരണം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കൊച്ചി ∙ പണിപൂർത്തിയാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുക എളുപ്പമാണെന്നും മെട്രോയുടെ ഉദ്ഘാടനം കുറച്ചുകൂടി ജനകീയമാക്കാമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മെട്രോയുടെ തൂണുകൾ പൂർത്തിയാക്കി പാളമിട്ട് ട്രയൽറൺ നടത്തിയത് യുഡിഎഫ് സർക്കാരാണ്. ഉദ്ഘാടനത്തിനു തയാറായ മെട്രോ പിന്നെയും കുറേക്കാലം വൈകിച്ചത്, എൽഡിഎഫ് സർക്കാരും ഇതിൽ കുറേ പണിചെയ്തെന്നു വരുത്താനാണ്. കഴിഞ്ഞ ഒരു വർഷം മെട്രോയുടെ കാര്യത്തിൽ ഒന്നും നടന്നിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയ്ക്കു ശേഷം നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു. യാത്ര മൂന്നിന് ആലുവ സ്റ്റേഷനിൽ നിന്നാരംഭിച്ചു.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കുമൊപ്പം ആര്യാടൻ മുഹമ്മദ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, അൻവർ സാദത്ത്, ഹൈബി ഇൗഡൻ, പി.ടി. തോമസ്, സൗമിനി ജെയിൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. പാലാരിവട്ടം സ്റ്റേഷനിൽ വന്നിറങ്ങിയ നേതാക്കളെ തുറന്ന ജീപ്പിൽ പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ എം.ഒ. ജോൺ പൊതുയോഗത്തിൽ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് പ്രസംഗിച്ചു.