Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫസൽ കേസ്: പൊലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ച് ഡിവൈഎസ്പി സദാനന്ദൻ

കണ്ണൂർ∙ തലശ്ശേരിയിലെ എൻഡിഎഫ് പ്രവർത്തകൻ ഫസലിനെ വധിച്ച കേസിൽ പൊലീസ് ശേഖരിച്ച തെളിവുകളെ ന്യായീകരിച്ച് കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ പ്രസംഗം. ഫസൽ വധക്കേസിനെ പറ്റിയാണെന്നു കൃത്യമായി പറയുന്നില്ലെങ്കിലും അടുത്തിടെ വിവാദമായ കേസിനെ പറ്റി തന്നെയാണു താൻ പറയുന്നതെന്നു ഡിവൈഎസ്പി പ്രസംഗത്തിൽ വ്യക്തമാക്കുന്നുണ്ട്.

പ്രസംഗത്തിൽ നിന്ന്: ‘പൊലീസ് കണ്ടെത്തൽ ആർക്കും നിഷേധിക്കാനാകില്ല. സത്യം തെളിയും. തൂക്കുകയർ തന്നെ ലഭിക്കാവുന്ന ശാസ്ത്രീയ തെളിവുകളാണു കണ്ടെത്തിയത്. നീതി തേടുന്ന മനുഷ്യർക്കു മുന്നിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന സംശയം ഉളവാക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങൾ. നീതിന്യായ വ്യവസ്ഥയെ ഇരകളുടെ കണ്ണിലൂടെ കാണുന്നതിനു പകരം ക്രിമിനലുകളുടെ കണ്ണിലൂടെ കാണുന്നതിനു പരിശീലിപ്പിക്കുന്ന സവിശേഷ സാഹചര്യം ഉണ്ടാകുന്നുണ്ട്. സത്യം എത്ര മൂടി വച്ചാലും പുറത്തു വരും.

പൊലീസ് പറഞ്ഞതു തന്നെയാണ് സത്യം. ഞങ്ങൾ അച്ചടക്കമുള്ള സേനയിൽ ജോലി ചെയ്യുന്നവരാണ്. അച്ചടക്കത്തിന്റെ അതിർവരമ്പുകൾക്കുള്ളിൽ നിന്നുകൊണ്ടു മാത്രമേ സംസാരിക്കാൻ സാധിക്കുകയുള്ളൂ. എന്നുവച്ച് പൊലീസിനെ കെട്ടിയിട്ട് അടിക്കാമെന്ന് ആരും കരുതരുത്.’ സദാനന്ദൻ പറഞ്ഞു. എഡിജിപി ടോമിൻ ജെ.തച്ചങ്കരിയെ സാക്ഷിയാക്കിയായിരുന്നു പ്രസംഗം.

സിപിഎം പ്രവർത്തകൻ പടുവിലായിയിലെ കെ.മോഹനനെ വധിച്ച കേസിൽ പിടിയിലായ മാഹി ചെമ്പ്ര സ്വദേശി സുബീഷ് എന്ന കുപ്പി സുബീഷ്, ഫസൽ വധക്കേസിലെ പ്രതികൾ ബിജെപിക്കാരാണെന്നു പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. സുബീഷ് പിന്നീടു മൊഴി നിഷേധിക്കുകയും പൊലീസ് മർദിച്ചു പറയിച്ചതാണെന്നു പറയുകയും ചെയ്തുവെങ്കിലും മൊഴിയുടെ വിഡിയോ, ഓഡിയോ ടേപ്പുകൾ മാധ്യമങ്ങളിലൂടെ പുറത്തായി.

ഫസൽ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടു ഹർജി നൽകിയ ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ ഈ തെളിവുകൾ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, തെളിവുകൾ ശാസ്ത്രീയമല്ലെന്നു പറഞ്ഞ കോടതി, ഹർജി തള്ളി.

സുബീഷിന്റെ മൊഴിയുമായി ബന്ധപ്പെട്ടു ഡിവൈഎസ്പിമാരായ പി.പി.സദാനനന്ദനും പ്രിൻസ് ഏബ്രഹാമിനുമെതിരെ ഭീഷണി സ്വരത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ഇട്ടതിനു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണു സദാനന്ദന്റെ പ്രസംഗം.

related stories