Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാരിനെയും പാർട്ടിയെയും മിനുക്കാനുള്ള സമ്പർക്കവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം∙ എൽഡിഎഫ് സർക്കാരിനെയും സിപിഎമ്മിനെയും കുറിച്ചു പൗരസമൂഹത്തിലുള്ള തെറ്റിദ്ധാരണകൾ അകറ്റാൻ മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും കൂട്ടത്തോടെ ഇറങ്ങുന്നു. വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള ആശയവിനിമയം എല്ലാ ജില്ലകളിലും പാർട്ടി നേതൃത്വത്തിൽ ആരംഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും മുഖ്യമന്ത്രി ഇതു പൂർത്തിയാക്കി. കൊച്ചിയിൽ ഇന്നലെയായിരുന്നു യോഗം.

മറ്റു ജില്ലകളിൽ സിപിഎമ്മിന്റെ ഇതര മന്ത്രിമാർക്കാണു ദൗത്യം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം സിപിഎം നേതാക്കൾ ഇതിനുശേഷം സമാനമായ ഒത്തുചേരലുകൾ വിളിച്ചുചേർക്കും. സർക്കാരിനെതിരെ ഇതിനകം ഉയർന്ന വിമർശനങ്ങളിൽ വ്യക്തത വരുത്തുക, പാർട്ടിക്കു പുറത്തുള്ള പ്രമുഖരെ അടുപ്പിച്ചുനിർത്താൻ നോക്കുക, നിർദേശങ്ങൾ സ്വീകരിക്കുക എന്നിവയാണു ലക്ഷ്യമിടുന്നത്.

പ്രഫഷനലുകളെയു, സാമൂഹിക– സാംസ്കാരികരംഗത്തെ പ്രമുഖരെയുമാണു സിപിഎം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അണിനിരത്തുന്നത്. ഇത്തരക്കാരുമായുള്ള ആശയവിനിമയത്തിനു പാർട്ടിതലത്തിൽ സാധ്യതകൾ കുറവെന്നു കണ്ടാണു മന്ത്രിമാരെ ആ ചുമതല ഏൽപിച്ചത്. അതേസമയം ഇവർ അതതു വിഭാഗങ്ങളിൽ അഭിപ്രായ രൂപീകരണത്തിനു പ്രാപ്തിയുള്ളവരുമായിരിക്കും.

ഒരു വർഷത്തിനിടയിൽ സർക്കാർ ഇടത്തരക്കാർക്കിടയിൽ നിന്നു കാര്യമായ വിമർശനത്തിനു വിധേയമായെന്ന ചിന്താഗതിയും പാർട്ടിയെ ഇതിനു പ്രേരിപ്പിക്കുന്ന ഘടകമായി. ഇടതുപക്ഷത്തു നിൽക്കുമ്പോൾ തന്നെ പാർട്ടിയുമായുള്ള അടുപ്പത്തിൽ വിള്ളലുകൾ വീണവരെ ഇത്തരം സദസ്സുകളിൽ പങ്കെടുപ്പിക്കണമെന്നും നിഷ്കർഷിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നവകേരളയാത്രയുടെ ഭാഗമായി പൗരപ്രമുഖരുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി അതിനു തുടർച്ചയായി ഈ സംവാദത്തെ കാണുന്നു.

ഇതിനു പുറമെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ജില്ലാപര്യടനങ്ങൾ നടത്തും. സർക്കാർ തയാറാക്കിയിരിക്കുന്ന കരട് ആരോഗ്യനയത്തെക്കുറിച്ചുള്ള അഭിപ്രായ രൂപീകരണത്തിനായിട്ടാണ് അവരുടെ ചർച്ചയെങ്കിലും പാർട്ടിയാണ് ഈ ആശയവിനിമയത്തിനു വേദിയൊരുക്കുന്നത് എന്നതു പ്രത്യേകത. എല്ലാ വിഭാഗത്തിലുംപെട്ട ഡോക്ടർമാരെ പാർട്ടിയോടും സർക്കാരിനോടും അടുപ്പിക്കുകയാണു ലക്ഷ്യം.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു പാർട്ടിക്കും സഹസംഘടനകൾക്കും പുറത്തുമുള്ളവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക ആദ്യഘട്ട പരിപാടിയായി തീരുമാനിച്ചിരിക്കുകയാണു സിപിഎം. കഴിഞ്ഞദിവസം സംഘടിപ്പിച്ച ‘ചേതനായോഗ’ ജില്ലകളിൽ വിജയകരമായിരുന്നുവെന്നാണു വിലയിരുത്തൽ. പാർട്ടി ബാനറിലല്ലെങ്കിലും സിപിഎം മുൻകയ്യെടുത്തു തലസ്ഥാനത്തു സംഘടിപ്പിച്ച യോഗാവേദിയിലെത്തി ബിജെപി എംഎൽഎ ഒ.രാജഗോപാൽ നേതൃത്വത്തെ അമ്പരപ്പിച്ചു.

പ്രത്യേകം ക്ഷണിച്ചില്ലെങ്കിലും യോഗാഭ്യാസവേദിയെന്നു കണ്ട് രാജഗോപാൽ‍ എത്തിച്ചേരുകയായിരുന്നു.