Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോ യാത്ര: ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദമെന്നു ചെന്നിത്തല

Congress Leaders at Metro

തിരുവനന്തപുരം∙ മെട്രോ ജനകീയയാത്രയിൽ യാത്രക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ മെട്രോയ്ക്കു നാശനഷ്ടങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയൊന്നുകൊണ്ടു മാത്രമാണു മെട്രോ യാഥാർഥ്യമായത്. ആ യുഡിഎഫിനെ ഉദ്ഘാടനവേളയിൽ തഴഞ്ഞതിലുള്ള പ്രവർത്തകരുടെ പ്രതിഷേധം ആവേശമായി മാറുന്നതാണ് അവിടെ പ്രതിഫലിച്ചത്. ഒരിക്കലും അതു ബോധപൂർവം ഉണ്ടായതല്ല. തിരക്കിനെത്തുടർന്ന് ഉന്തും തള്ളും ഉണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളില്ലെന്നാണു മനസ്സിലാക്കാനാകുന്നത്. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഖേദമുണ്ട്.

പ്രവർത്തകരുടെ ആവേശം ഞങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറമായിപ്പോകുകയും അതു നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്തു. പക്ഷെ, ഒരു തരത്തിലുമുള്ള അക്രമമോ വേണ്ടാത്ത നടപടികളോ അവരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.

തിരക്ക് കൂടിയപ്പോൾ എസ്കലേറ്റർ ഓഫാക്കുകയാണു ചെയ്തത്. മുദ്രാവാക്യങ്ങൾ ഒഴിവാക്കാമായിരുന്നു. അത് ഉമ്മൻചാണ്ടി തന്നെ ആവശ്യപ്പെട്ടതാണ്. പക്ഷേ, ഉദ്ഘാടനച്ചടങ്ങിൽ ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് ആ സ്വപ്നപദ്ധതി നടപ്പിലാക്കിയ ഉമ്മൻചാണ്ടിയോടു കൊച്ചിക്കാർക്കുള്ള സ്നേഹാദരങ്ങൾ കലവറയില്ലാതെ അവർ പ്രകടിപ്പിച്ചുവെന്നതാണു സംഭവിച്ചത്.

തിരക്കും ആവേശവും വല്ലാതെയായപ്പോൾ, ഇങ്ങനെയാണെങ്കിൽ ഞാൻ കാറിൽ കയറി വരാമെന്ന് ഉമ്മൻചാണ്ടി ഞങ്ങളോടു പറയുകയുണ്ടായി. 100 പേർക്കാണു യുഡിഎഫ് ടിക്കറ്റെടുത്തത്. അല്ലാതെയുള്ള ഒരു ആസൂത്രണവും ചെയ്തിരുന്നില്ല. ചെറുപ്പക്കാർ ആവേശത്തോടെ യാത്രയുടെ ഭാഗമായി മുന്നോട്ടുവരികയായിരുന്നു. അതിന്റെ പേരിൽ അവർക്കെതിരെ എന്തു നടപടിയെടുത്താലും അതു നേരിടാൻ നേതാക്കളെന്ന നിലയിൽ ഞങ്ങൾക്കു ബാധ്യതയുണ്ട്, അതിനു തയാറുമാണ്–ഹസൻ കൂട്ടിച്ചേർത്തു