Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗേശാനന്ദ കേസ്: സിബിഐ അന്വേഷണം വേണമെന്ന യുവതിയുടെ ഹർജി തള്ളി

Swami Gangeshananda Theerthapadar

തിരുവനന്തപുരം∙ പീഡനശ്രമത്തിനിടെ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്ന കേസിലെ കക്ഷിയായ യുവതി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി പോക്സോ കോടതി തള്ളി. ഹർജികൾ ഫയൽ ചെയ്യും മുൻപ് അതിന്റെ നിയമവശം മനസ്സിലാക്കണമെന്നു യുവതിയുടെ അഭിഭാഷകയോടും ജഡ്ജി ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ ഹൈക്കോടതിക്കു മാത്രമേ അധികാരമുള്ളൂവെന്നു പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം കണക്കിലെടുത്തു ഹർജി തള്ളിയ ജഡ്ജി, കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുതെന്ന് അഭിഭാഷകയോട് ആവശ്യപ്പെട്ടു. ദിവസവും ഒട്ടേറെ കേസുകൾ കോടതിയുടെ പരിഗണനയ്ക്കു വരാറുണ്ട്. അതിനിടയിൽ വസ്തുതകൾ പാലിക്കാത്ത ഹർജിയുമായി വരരുത്.

തന്റെ കാർ വിട്ടുകിട്ടണമെന്ന ഗംഗേശാനന്ദയുടെ ഹർജിയും കോടതി തള്ളി. യുവതി കോടതിയിൽ നേരിട്ടു ഹാജരായിരുന്നു.

ഇതിനിടെ വാടകവീട്ടിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നു യുവതിയുടെ കുടുംബത്തോടു വീട്ടുടമ ആവശ്യപ്പെട്ടു. കാമുകൻ അയ്യപ്പദാസിൽ നിന്നു വധഭീഷണി ഉണ്ടെന്നു കാണിച്ചു കഴിഞ്ഞദിവസം യുവതി പേട്ട പൊലീസിനു പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു വനിതാ പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. പിന്നീടാണു യുവതിയും കുടുംബവും നെടുമങ്ങാട് വാടകവീട്ടിലേക്കു മാറിയതായി അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

സുരക്ഷ ഒരുക്കാൻ പൊലീസ് എത്തിയപ്പോഴാണു ഗംഗേശാനന്ദ കേസിൽ വാദിയായ പെൺകുട്ടിയാണു തങ്ങളുടെ വീട്ടിൽ താമസിക്കുന്നതെന്നു വീട്ടുടമ അറിയുന്നത്. തുടർന്നു വീട് ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു.