Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ വിദ്യാർഥിയുടെ മരണം കൊലപാതകമെന്ന് ഒരു വർഷത്തിനു ശേഷം സൂചന

കോന്നി ∙ അതിരുങ്കൽ വാകപ്പാറ അബിൻ നിവാസിൽ പ്രകാശിന്റെ മകൻ അബിൻ (13) കഴിഞ്ഞ വർഷം സ്കൂളിൽ തളർന്നു വീണു മരിച്ചതു കഴുത്തിനേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സഹപാഠിക്കെതിരെ കേസെടുക്കുകയും ചെയ്തു.

റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്ന അബിൻ 2016 ഫെബ്രുവരി 10ന് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ സ്കൂളിൽ തളർന്നുവീണ അബിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസതടസ്സം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. കുട്ടിക്കു ഹൃദ്രോഗമുണ്ടായിരുന്നതായും പ്രചാരണമുണ്ടായി. എന്നാൽ, മരുന്നു കഴിച്ചതിനെത്തുടർന്ന് ഹൃദയസംബന്ധമായ അസുഖം പൂർണമായും ഭേദമായതാണെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കാട്ടി വീട്ടുകാർ അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു.

അബിന്റെ ശരീരത്തിൽ കണ്ട പാടുകളും കഴുത്തിലും വാരിയെല്ലിലും ഉണ്ടായിരുന്ന ചതവും സംശയം ജനിപ്പിക്കുന്നതായിരുന്നെന്നും സ്കൂളിൽ വഴക്കു നടന്നിരുന്നതായും വീട്ടുകാർ പൊലീസിൽ മൊഴി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അതിരുങ്കലിൽ ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു. ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ചും നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് കോന്നി എസ്ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കേസിൽ വഴിത്തിരിവായിരിക്കുകയാണ്. സിഐ ആർ. ജോസിനാണ് അന്വേഷണച്ചുമതല.

related stories