Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസിന്റെ ചടങ്ങിൽ ഡിവൈഎഫ്ഐ നേതാവിനെ ‘വെട്ടിനിരത്തി’

പാലക്കാട്∙മലമ്പുഴ മണ്ഡലത്തിൽ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പങ്കെടുത്ത രണ്ടു പരിപാടികളിൽ നിന്നു ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ നിതിൻ കണിച്ചേരിയെ ഒഴിവാക്കി. സിപിഎമ്മിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യമാക്കുന്നതായി; ഒഴിവാക്കൽ. രണ്ടാമത്തെ വേദിയിൽ പാർട്ടിയിലെ ഒരു വിഭാഗം ഇടപെട്ട് ‘തെറ്റുതിരുത്തി’.

ഇന്നലെ കഞ്ചിക്കോട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ചടങ്ങിന്റെയും പുതുശ്ശേരി പഞ്ചായത്തിൽ പാർട്ടി സംഘടിപ്പിച്ച ആംബുലൻസ് ഉദ്ഘാടന ചടങ്ങിന്റെയും നോട്ടിസുകളിൽ നിതിന്റെ പേരുണ്ടായിരുന്നില്ല. ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വരുന്ന സ്കൂളിലെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗമാണു ചട്ടപ്രകാരം അധ്യക്ഷനാകേണ്ടത്. പകരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷയാക്കി. മാത്രമല്ല, വിഎസ് പക്ഷക്കാരിയായ ജില്ലാ പഞ്ചായത്ത് മുൻ അംഗം കെ.ജി.ജയന്തിയുടെ പേര് ഉൾപ്പെടുത്തുകയും ചെയ്തു.

നിതിൻ ചടങ്ങിനെത്തിയെങ്കിലും വേദിയിലേക്കു കയറാതെ മടങ്ങി. നിതിന് അഭിവാദ്യമർപ്പിച്ച് വിദ്യാർഥി സംഘടനയുടെ പേരിൽ സ്കൂളിനു പുറത്ത് ബാനർ ഉയർന്നതും പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചാവിഷയമായി. ഔദ്യോഗികപക്ഷത്തെ അനുകൂലിക്കുന്ന പ്രവർത്തകർ ചടങ്ങിൽ നിന്നു വിട്ടുനിന്നു. പുതുശ്ശേരി പഞ്ചായത്ത് ഓഫിസിൽ നടന്ന ചടങ്ങിൽ നോട്ടിസിൽ പേരില്ലായിരുന്നെങ്കിലും വിട്ടുപോയതാണെന്നു സംഘാടകരായ പാർട്ടി നേതാക്കൾ അറിയിച്ചതോടെ അവരുടെ ക്ഷണപ്രകാരം നിതിൻ വേദിയിലെത്തി.

സ്കൂളിലെ ചടങ്ങിനായി നിതിനെ തുടക്കത്തിൽ ക്ഷണിച്ചിരുന്നതായി സൂചനയുണ്ട്. പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക തയാറാക്കിയത് ഭരണ പരിഷ്കാര കമ്മിഷന്റെ ഓഫിസാണെന്നാണു സംഘാടകരുടെ വിശദീകരണം.