Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാപാരിയുടെ കൈവെട്ടിയ കേസിൽ രണ്ടു ഗുണ്ടകൾ അറസ്റ്റിൽ

hand-chopping കൈവെട്ടുകേസിൽ അറസ്റ്റിലായ ജിനാസ്, ബിജിൻ

തോപ്പുംപടി ∙ ഇടക്കൊച്ചിയിലെ കടയിൽ കയറി വ്യാപാരിയുടെ കൈവെട്ടിയ കേസിൽ രണ്ടു പേരെ പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ വക വരുത്താൻ സിഗരറ്റ് കള്ളക്കടത്തുകാരിൽ നിന്നു പത്തു ലക്ഷം രൂപയ്ക്കു ക്വട്ടേഷൻ എടുത്ത ഗുണ്ടകളാണ് പ്രധാന പ്രതികളെന്നു പൊലീസ്.‌

ചൊവ്വാഴ്ച രാത്രി ഇടക്കൊച്ചി പാമ്പായിമൂലയിലെ കടയിൽ കയറി ഉടമകളിൽ ഒരാളായ ബാലസുബ്രഹ്മണ്യത്തിന്റെ (ബാലു–35) കൈവെട്ടിയെന്നാണ് കേസ്. ചുള്ളിക്കൽ അബാദ് ഹോട്ടലിനു സമീപം വാടകയ്ക്കു താമസിക്കുന്ന മട്ടാഞ്ചേരി പുതിയറോഡിൽ മംഗലശേരി വീട്ടിൽ ജിനാസ് (30), ഇടക്കൊച്ചി പാലമറ്റം റോഡിൽ പഴയകാട്ടു വീട്ടിൽ ബിജിൻ (31) എന്നിവരാണ് അറസ്റ്റിലായത്.

സിഗരറ്റ് കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ടു ജയിലിൽ കഴിയുന്ന ബാലുവിന്റെ സുഹൃത്തിന് ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന വൻ സിഗരറ്റ് കള്ളക്കടത്തു രഹസ്യങ്ങൾ അറിയാം. ഇയാൾ ബാലു വഴി രഹസ്യങ്ങൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റിലിജൻസ് (ഡിആർഐ) അധികൃതർക്കു നൽകി 25 ലക്ഷം രൂപ സമ്പാദിച്ചതായി സംശയിച്ച സംഘത്തലവൻ തലശേരി സ്വദേശി മുഹസീനാണ് ബാലുവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയതെന്നു പൊലീസ് പറഞ്ഞു.

ഡിആർബി അന്വേഷിക്കുന്ന മുഹസീൻ ദുബായിൽ ഒളിവിലാണെന്നാണ് നിഗമനം. ബാലുവും ബിജിലും ചേർന്നു നേരത്തെ റെന്റ് എ കാർ ഇടപാടു നടത്തിയിരുന്നു. ഇതുമായി ചില തർക്കങ്ങളുണ്ടായി. ബിജിലിനെ ഉപയോഗിച്ചാണു മുഹസീൻ ബാലുവിനെ നിരീക്ഷിച്ചിരുന്നതും ക്വട്ടേഷൻ ഓപ്പറേഷൻ നടത്തിയതും.

ജിനാസ് പരിചയപ്പെടുത്തിയ നിക്സനാണു (ടിന്റു) വാടക ഗുണ്ടകളെ ഏർപ്പാടാക്കിയതെന്നു പൊലീസ് പറഞ്ഞു. വടുതല, ചേരാനല്ലൂർ സ്വദേശികളായ പ്രതികളെ കുറിച്ചു വിവരങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇവരും ഗൂഢാലോചനയിൽ പങ്കാളികളായ മറ്റു ചിലരും പ്രതികളെ ഒളിവിൽ താമസിപ്പിച്ചവരും വൈകാതെ അറസ്റ്റിലാകുമെന്നു പൊലീസ് അറിയിച്ചു.

ഇവർ സഞ്ചരിച്ചിരുന്ന കാർ പിടിച്ചെടുത്തിട്ടുണ്ട്. മട്ടാഞ്ചേരി എസി എസ്. വിജയൻ, പള്ളുരുത്തി സിഐ കെ.ജി. അനീഷ്, എസ്ഐ വി. വിമൽ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.

related stories