Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിൽനിന്നു നാട്ടിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടി വരെ വർധന; കേന്ദ്ര ഇടപെടൽ തേടി മു​ഖ്യമന്ത്രി

flight-aeroplene

തിരുവനന്തപുരം / കോഴിക്കോട് / മലപ്പുറം ∙ റമസാൻ അവധിക്കാലത്തു ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഖത്തറിലെ പ്രശ്നങ്ങൾ മൂലം ദോഹയിൽ നിന്നു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ആറിരട്ടിയായാണു വർധിപ്പിച്ചത്. 

സാധാരണ നിലയിൽ 10,000 മുതൽ 13,000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റുകൾക്ക് ഇപ്പോൾ 60,000 രൂപ വരെ. ദോഹയിൽനിന്നു കരിപ്പുരിലേക്ക് ജെറ്റ് എയർവെയ്‌സിൽ ഇന്ന് 40,500 രൂപയാണു നിരക്ക്. 

മൂന്നേ മൂന്നു ഫ്ലൈറ്റ്; ടിക്കറ്റുമില്ല 

ജെറ്റ് എയർവെയ്സ്, എയർ ഇന്ത്യ എക്സ്പ്രസ്, ഖത്തർ എയർവെയ്സ് എന്നിവയുടെ മൂന്നു ഫ്ലൈറ്റുകൾ മാത്രമാണിപ്പോൾ ദോഹയിൽ നിന്നു സർവീസ് നടത്തുന്നത്. കനത്ത നിരക്കായിട്ടു പോലും ടിക്കറ്റ് കിട്ടാനില്ല. 

ദുബായ് – കേരള @ 30,000 രൂപ 

ദുബായിൽ നിന്ന് കേരളത്തിലേക്ക് 25,000 മുതൽ 30,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഇന്നും നാളെയും ദുബായിൽനിന്നു നാട്ടിലെത്തണമെങ്കിൽ കുറഞ്ഞ നിരക്ക് സ്‌പൈസ് ജെറ്റിന് 25,500 ആണ്. 

ജിദ്ദ–കോഴിക്കോട് (ഷാർജ വഴി) @ 66,000 രൂപ 

നാളെ ജിദ്ദയിൽനിന്നു ഷാർജ വഴി കോഴിക്കോട് വിമാനത്താവളത്തിലെത്താൻ കുറഞ്ഞ നിരക്ക് എയർ അറേബ്യയ്‌ക്ക് 66,000 രൂപയാണ്. ഇന്നു ടിക്കറ്റേയില്ല. 

അതിനിടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന‍ു കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന യാത്രാനിരക്ക് ഉത്സവ സീസണിൽ വിമാന കമ്പനികൾ കുത്തനെ വർധിപ്പിക്കുന്നതു തടയാൻ ഇടപെടണമെന്നു കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗൾഫ് മേഖലയിലെ വിമാനക്കൂലി നിജപ്പെടുത്തണം. കൂടുതൽ എയർ ഇന്ത്യ വിമാനങ്ങൾ ഏർപ്പെടുത്തണം. കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുകയും വേണം. സീസണിലെ തിരക്കു കുറയ്ക്കാൻ വിദേശ വിമാന കമ്പനികൾക്കു ഹ്രസ്വകാലത്തേക്കു കൂടുതൽ സർവീസ് നടത്താൻ അനുമതി നൽകണം. 

സിവിൽ വ്യോമയാന സെക്രട്ടറി കൂടി പങ്കെടുത്ത എയർലൈൻ മേധാവികളുടെ യോഗം തിരുവനന്തപുരത്തു ചേർന്നപ്പോൾ ഈ വിഷയം ഉന്നയിച്ചിരുന്നു. തിരക്കുള്ള സീസണിൽ 15 ദിവസത്തേക്കു കൂടുതൽ സീറ്റ് അനുവദിക്കുന്നതു പരിഗണിക്കാമെന്നു കേന്ദ്ര സെക്രട്ടറി യോഗത്തിൽ പറഞ്ഞിരുന്നു.

എന്നാൽ, നിരക്കു കുറയ്ക്കുന്നതിനുപകരം അഞ്ചും ആറും ഇരട്ടി വർധിപ്പിക്കുയാണു വിമാന കമ്പനികൾ ചെയ്തതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരിച്ചു പറക്കാൻ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകളിൽ 29നു ശേഷമാകും നിരക്ക് വർധന. ഓഗസ്റ്റിൽ ഹജ് സീസൺ ആരംഭിക്കുന്നതു കണക്കിലെടുത്തും ടിക്കറ്റ് നിരക്കിൽ വൻ വർധന വന്നേക്കും. ദോഹയിൽനിന്നു കരിപ്പുരിലേക്ക് ഇന്ന് 40,500 രൂപയാണു നിരക്കെങ്കിലും ജൂലൈ രണ്ടിനു ദോഹയിലേക്കു തിരിച്ചു പറക്കാൻ 11,000 രൂപ കൊടുത്താൽ മതി.

ജൂലൈ ആദ്യ ആഴ്ചയി‍ൽ ദുബായിലേക്കും മറ്റും 20,000 രൂപയോളമാണ് ചാർജ്. എന്നാൽ കഴിഞ്ഞ വർഷം ഇതു 35,000 രൂപ മുതൽ 40,000 രൂപ വരെയായിരുന്നു. വരും ദിവസങ്ങളിൽ ടിക്കറ്റുകൾക്ക് 30,000 രൂപ കടക്കുമെന്നാണു സൂചന. 10,000 രൂപയാണു സാധാരണ ദിവസങ്ങളിലെ നിരക്ക്. 

അടുത്തയാഴ്‌ച കോഴിക്കോട്ടു നിന്നു മസ്‌കത്ത് വഴി ജിദ്ദയിലേക്കു മടങ്ങാൻ ഒമാൻ എയറിൽ 15,500 രൂപയാണു നിരക്ക്. ദുബായിലേക്ക് ശരാശരി 8,000 രൂപയ്‌ക്ക് ടിക്കറ്റുണ്ട്.