Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലഹരി മരുന്ന് മാഫിയയോട് വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

കണ്ണൂർ∙ ലഹരിമരുന്നു സംഘങ്ങളെ ശക്തമായി അടിച്ചമർത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണു സർക്കാർ നയം. ലഹരിമരുന്നിനോടും ലഹരിമരുന്നു മാഫിയകളോടും വിട്ടുവീഴ്ചയില്ല. മദ്യവർജനം തന്നെയാണു സർക്കാർ കൈക്കൊള്ളുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡിജെ പാർട്ടി കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കണം. ഉത്തരവാദിത്തം നടപ്പാക്കാൻ ആരും ശങ്കിക്കേണ്ട. ഉദ്യോഗസ്ഥർക്കെതിരെ പരാതിയുണ്ടായാൽ കർക്കശ നടപടിയുണ്ടാകും. അതേസമയം സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കു സർക്കാർ പൂർണ പിന്തുണയും സംരക്ഷണവും നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം വെള്ളനാട് കരുണാ സായി ഡി–അഡിക്‌ഷൻ സെന്റർ (ലഹരിവിരുദ്ധ സന്നദ്ധ സംഘടന), കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂൾ (സ്കൂൾ ക്ലബ്) , തൃശ്ശൂർ എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് ( ലഹരിവിരുദ്ധ കോളജ് ക്ലബ്), എന്നിവയ്ക്കും ഡോ.എം.എൻ വെങ്കിടേശ്വരൻ, എറണാകുളം (സന്നദ്ധ പ്രവർത്തകൻ), ബി.എൻ.നാസിയ, കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസ് (സ്കൂൾ ക്ലബ് അംഗം), എസ്.കാർത്തിക, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജ് (കോളജ് ക്ലബ് അംഗം) എന്നിവർക്കും മുഖ്യമന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനതല ക്വിസ് മത്സരത്തിൽ വിജയികളായ കെ.കെ.റാഹില (വയനാട് ചുള്ളിയാട് ജിഎച്ച്എസ്എസ്), കെ.വി.സൗരവ് (തളിപ്പറമ്പ് മുത്തേടത്ത് എച്ച്എസ്എസ്) , എം.എസ്.അർജുൻ, അഭിഷേക് ഭക്ത (ഇരുവരും കാസർകോട് ദുർഗ എച്ച്എസ്എസ്) എന്നിവർക്കും പുരസ്കാരം നൽകി.

related stories