Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യശാല ദൂരപരിധി: അങ്കണവാടികളെ ഉൾപ്പെടുത്താനാവില്ലെന്നു കോടതി

high-court

കൊച്ചി ∙ മദ്യശാലകളുടെ ദൂരപരിധി വ്യവസ്ഥ നിശ്ചയിക്കാൻ പരിഗണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർവചനത്തിൽ അങ്കണവാടികളെ ഉൾപ്പെടുത്താനാവില്ലെന്നു ഹൈക്കോടതി. അബ്കാരി ഷോപ്സ് ലേലച്ചട്ടത്തിലെ 6(2) വകുപ്പു വിലയിരുത്തിയാണു കോടതിയുടെ നടപടി. കുമാരനല്ലൂരിൽ അങ്കണവാടിയുടെ 200 മീറ്റർ പരിധിയിൽ കള്ളുഷാപ്പ് പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികളായ സൂസി ഉൾപ്പെടെയുള്ളവരും കൊച്ചി പൊന്നുരുന്നിയിൽ 100 മീറ്റർ ദൂരപരിധിയിലുള്ള വിദേശ മദ്യഷാപ്പിനെതിരെ പരിസരവാസികളും സമർപ്പിച്ച ഹർജികളാണു കോടതി പരിഗണിച്ചത്.

കേന്ദ്ര സർക്കാരിന്റെ സംയോജിത ശിശുവികസന പദ്ധതിയുടെ കീഴിലാണ് അങ്കണവാടികൾ സ്ഥാപിച്ചിട്ടുള്ളതെന്നും ദൂരപരിധി മറികടന്നുള്ള മദ്യശാലകളുടെ പ്രവർത്തനം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ചട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ 400 മീറ്റർ പരിധിയിൽ കള്ളുഷാപ്പും 200 മീറ്റർ പരിധിയിൽ വിദേശ മദ്യഷാപ്പും വിലക്കിയിട്ടുണ്ട്. എന്നാൽ, സർക്കാർ അംഗീകാരവും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സിബിഎസ്ഇയുടെയും നിയന്ത്രണത്തിലുമുള്ള സ്ഥാപനങ്ങളല്ലാതെ ഉള്ളവയെ ഒഴിവാക്കിയാണു ചട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിർവചിച്ചിട്ടുള്ളതെന്നു സംസ്ഥാന സർക്കാർ ബോധിപ്പിച്ചു.

നിയമനിർമാതാക്കൾ ഉദ്ദേശിക്കാത്ത തരത്തിൽ നിർവചനം വിപുലപ്പെടുത്താൻ സാധിക്കില്ലെന്നു കോടതി പറഞ്ഞു. ചട്ടത്തിൽ വ്യക്തമായി കാര്യങ്ങൾ പറഞ്ഞിട്ടുള്ളതിനാൽ മറ്റു നിർവചനങ്ങൾക്കു മുതിരേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജികൾ തള്ളി.

related stories