Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകടമുണ്ടാക്കിയ ചരക്കു കപ്പലിലെ മൂന്നു ജീവനക്കാർ റിമാൻഡിൽ

panama-ship അറസ്റ്റിലായ ക്യാപ്റ്റൻ ജോർജി‌‌നാകിസ് ലോണീസ, സെക്കൻഡ് ഓഫിസർ ഗ്യാലനോസ് അക്വാനിയോസ്, സീമെൻ നിവാനോ എന്നിവരെ പൊലീസ് സ്റ്റേഷനിൽനിന്നു കോടതിയിലേക്കു കൊണ്ടുപോകുന്നു.

മട്ടാഞ്ചേരി (കൊച്ചി) ∙ ചരക്കു കപ്പൽ ഇടിച്ചു മീൻപിടിത്ത ബോട്ട് തകർന്ന് രണ്ടു മൽസ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്ത സംഭവത്തിൽ തീരദേശ പൊലീസ് അറസ്റ്റ് ചെയ്ത കപ്പൽ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള മൂന്നു ജീവനക്കാരെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

ക്യാപ്റ്റൻ ഗ്രീക്ക് പൗരൻ ജോർജി‌‌നാകിസ് ലോണീസ, സെക്കൻഡ് ഓഫിസർ ഗ്യാലനോസ് അക്വാനിയോസ്, സീമെൻ മ്യാൻമർ പൗരൻ നിവാനോ എന്നിവരെയാണ് കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് റിമാൻഡ് ചെയ്തത്. ഇവരെ കാക്കനാട് ജയിലിലേക്കു മാറ്റി. മനപ്പൂർവം അപകടമുണ്ടാക്കിയതല്ലെന്നും അന്വേഷണത്തോടു പൂർണമായി സഹകരിക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും പ്രതിഭാഗം വാദിച്ചു.

കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി മൂന്നു പേരെയും റിമാൻഡ് ചെയ്യുകയായിരുന്നു. സിഐ ടി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു വെള്ളിയാഴ്ച രാത്രി ഏഴു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടു കിടന്ന കപ്പലിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്.

പ്രതികൾ കുറ്റം സമ്മതിച്ചതായി സിഐ പറഞ്ഞു. ഇനിയും ചോദ്യം ചെയ്യുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി ഇന്ന് അപേക്ഷ നൽകും. മനപ്പൂർവമായ നരഹത്യയ്ക്കാണു കേസെടുത്തിട്ടുള്ളത്. പാനമ റജിസ്ട്രേഷനുള്ള ആംബർ എൽ എന്ന ചരക്കു കപ്പൽ 11നു പുലർച്ചെയാണ്, തോപ്പുംപടി ഹാർബറിൽനിന്നു മീൻ പിടിക്കാൻ പോയ കാർമൽമാതായെന്ന ബോട്ടിൽ ഇടിച്ചത്.

അപകടത്തിൽ കുളച്ചൽ സ്വദേശി തമ്പി ദുരെ, അസം സ്വദേശി രാഹുൽ ദാസ് എന്നിവർ മരിക്കുകയും അസമിൽ നിന്നുള്ള മോത്തി ദാസിനെ കാണാതാകുകയും ചെയ്തു.

related stories