Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി നിലവറ തുറക്കരുതെന്ന നിലപാടിലുറച്ച് രാജകുടുംബം

Padmanabhaswamy Temple

തിരുവനന്തപുരം∙ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന നിലപാടിലുറച്ചു നിൽക്കുമെന്നു തിരുവിതാംകൂർ രാജകുടുംബം. ബി നിലവറ മുൻപ് പലവട്ടം തുറന്നിട്ടുണ്ടെന്ന അമിക്കസ് ക്യൂറിയുടെ സുപ്രീംകോടതിയിലെ വാദം തെറ്റാണെന്നു രാജകുടുംബാംഗമായ ആദിത്യവർമ പറഞ്ഞു.

നിലവറ തുറക്കുന്നതിനെക്കുറിച്ചു പ്രചരിക്കുന്ന അഭ്യൂഹങ്ങളും തെറ്റാണ്. സ്വത്ത് മൂല്യനിർണയത്തിനായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കെയാണു രാജകുടുംബം നിലപാട് വ്യക്തമാക്കിയത്.

ബി നിലവറയ്ക്കു രണ്ട് അറകളുണ്ട്. അതിൽ ആദ്യത്തെ അറ മാത്രമാണു നേരത്തെ തുറന്നിട്ടുള്ളത്. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭക്തരുടെ വിശ്വാസം കണക്കിലെടുക്കണം. ഒട്ടേറെ പേർ ആശങ്കകളുമായി തങ്ങളെ വിളിക്കുന്നുണ്ട്. ബി നിലവറ ഇതുവരെയും തുറക്കാത്തതിന് അതിന്റേതായ കാരണങ്ങളുണ്ട്.

അത്തരം കാര്യങ്ങൾ അമിക്കസ് ക്യൂറിയെയും സുപ്രീംകോടതിയെയും ബോധ്യപ്പെടുത്താനാകുമെന്നും ആദിത്യ വർമ പറഞ്ഞു. അതേസമയം, നിലവറ തുറക്കുന്നതു വിശ്വാസത്തിന് എതിരല്ലെന്നു മുൻ എക്സിക്യുട്ടീവ് ഓഫിസർ കെ.എൻ.സതീഷ് പറഞ്ഞു. തുറക്കരുതെന്നു പറയുമ്പോഴാണു ദുരൂഹത വർധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.