Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തും ആറും വയസ്സുള്ള മക്കളെ കൊലപ്പെടുത്തി പിതാവ് ട്രെയിനു മുന്നിൽ ചാടി മരിച്ചനിലയിൽ

febina-febin വേളിയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഫെബിനയും ഫെബിനും.

കഴക്കൂട്ടം∙ പത്തും ആറും വയസ്സുള്ള സഹോദരങ്ങളെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിലും പിതാവിനെ ട്രെയിനു മുന്നിൽ ചാടി മരിച്ചനിലയിലും കണ്ടെത്തി. വേളി കായലിനടുത്ത് നൂറടിപാലത്തിലാണു കണ്ണമ്മൂല ചെന്നിലോട് ടിസി 14‌|1812 കെവിആർഎ 35 സ്നേഹഭവനിൽ ഷിബി(36), മക്കളായ ഫെബിന(പത്ത്), ഫെബിൻ(ആറ്) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മക്കളെ കൊലപ്പെടുത്തിയശേഷം പിതാവ് ആത്മഹത്യ ചെയ്തതായാണു പൊലീസ് നിഗമനം. റെയിൽപാളത്തിനു സമീപം കുറ്റിച്ചെടികൾക്കിടയിൽ കഴുത്തു മുറിച്ചു കൊലചെയ്ത നിലയിലായിരുന്നു ഫെബിനയുടെയും ഫെബിന്റെയും മൃതദേഹങ്ങൾ. ഏതാണ്ട് അൻപതു മീറ്റർ മാറി പാളത്തിനു സമീപത്തുനിന്നും കായലിൽനിന്നും ഷിബിയുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

മാസങ്ങളായി ഭാര്യ ഹന്നയുമായി പിണങ്ങി കഴിഞ്ഞ ഷിബി കഴിഞ്ഞദിവസം വൈകിട്ടു കണ്ണമ്മൂലയിൽ ഹന്നയുടെ വീട്ടിലെത്തി മക്കളെ പള്ളിയിൽ കൊണ്ടുപോയിട്ട് ഒരു മണിക്കൂറിനകം തിരിച്ചെത്തിക്കാമെന്നു പറഞ്ഞ് ഇരുവരെയും ബൈക്കിൽ കയറ്റി വേളിയിലെത്തി.

ബൈക്ക് അവിടെ ഒരു വീടിന്റെ മുന്നിൽ വച്ചശേഷം മക്കളുമായി നൂറടിപാലത്തിലേക്കു പോകുന്നതു കണ്ടവരുണ്ട്. അവിടെവച്ചു മക്കളെ കൊലപ്പെടുത്തിയശേഷം ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണു പൊലീസ് പറയുന്നത്.

മക്കളെ ഒൻപതു മണിയായിട്ടും കാണാഞ്ഞതിനെ തുടർന്നു ഹന്ന മൊബൈൽഫോണിൽ ബന്ധപ്പെട്ടിട്ടും മറുപടിയുണ്ടായില്ല. പത്തുമണിയോടെ ഷിബിയുടെ മൊബൈൽ ഫോൺ നിശ്ചലമായതിനെ തുടർന്നു ഹന്ന പേട്ട പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളജ് സിഐക്കും പരാതി നൽകി.

പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ ഗാങ്മാൻ പാളം പരിശോധിക്കുമ്പോൾ ഷിബിയുടെ ശരീരാവശിഷ്ടങ്ങൾ പാളത്തിൽ കണ്ടത്. തുടർന്നു തുമ്പ പൊലീസിൽ വിവരം അറിയിച്ചു. പൊലീസും നാട്ടുകാരും പരിശോധിക്കുമ്പോഴാണ് രണ്ടു മക്കളുടെയും മൃതദേഹം കണ്ടെത്തിയത്.

ഷിബിയുടെ ശേഷിച്ച ശരീരഭാഗം ചാക്കയിൽനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ വേളി കായലിൽനിന്നു കണ്ടെത്തി. പെയിന്റിങ് തൊഴിലാളിയാണു ഷിബി. എസ്എപിയിലെ ടൈപ്പിസ്റ്റാണു ഹെന്ന. കൊല്ലപ്പെട്ട ഫെബിനയും ഫെബിനും പട്ടം സെന്റ്മേരീസ് സ്കൂളിലെ നാലും ഒന്നും ക്ലാസ് വിദ്യാർഥികളാണ്.

related stories