Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

87ന്റെ കോഴി കൂട്ടിൽക്കിടന്നു; ചിക്കൻ വില പറന്നുയർന്നു

poultry-hen-chicken

കൊച്ചി ∙ ധനമന്ത്രിയുടെ പ്രഖ്യാപനം കോഴിവ്യാപാരികൾ വെട്ടിയരിഞ്ഞു തള്ളി. കോഴിവില കിലോയ്ക്ക് 87 രൂപയെന്ന സർക്കാർ നിലപാട് വ്യാപാരികൾ അംഗീകരിച്ചെന്നു മന്ത്രി പറഞ്ഞിട്ടു സംസ്ഥാനത്തു പലയിടത്തും വിൽപന നടന്നതു 120 രൂപയ്ക്ക്. പുതിയ സ്റ്റോക്ക് എടുക്കാതിരുന്നതിനാൽ നിലവിലെ സ്റ്റോക്ക് തീർന്നതോടെ ചില കടകളിൽ വിൽപന നിർത്തി. ചിലർ വിൽപനയ്ക്കു തയാറായില്ല. കോഴി വാങ്ങാൻ കടയിലെത്തിയവരും വ്യാപാരികളും തമ്മിൽ പലയിടത്തും തർക്കങ്ങളുണ്ടായി.

വില 87 രൂപയെന്ന സർക്കാർ പ്രഖ്യാപനം വിശ്വസിച്ചെത്തിയവരായിരുന്നു അധികവും. എന്നാൽ 87 രൂപയ്ക്കു കോഴി വിൽക്കുന്നില്ലെന്നും വേണമെങ്കിൽ കിലോയ്ക്കു 157 രൂപ നൽകി കോഴിയിറച്ചി വാങ്ങാമെന്നുമുള്ള വ്യാപാരികളുടെ നിലപാടാണു ജനത്തെ ചൊടിപ്പിച്ചത്. എങ്കിൽ വിൽക്കുന്ന വില പറയൂ എന്നാവശ്യപ്പെട്ടെങ്കിലും നിങ്ങൾ വാങ്ങണ്ട, ഹോട്ടലുകാർ വാങ്ങിക്കൊള്ളും എന്നു വ്യാപാരികളും തിരിച്ചടിച്ചു. വ്യാപാരി വ്യവസായി സമിതിക്കു കീഴിലുള്ള ചില കച്ചവടക്കാരാണു കോഴി വിൽക്കുന്നില്ല, ഇറച്ചി മാത്രമേ വിൽക്കുന്നുള്ളൂ എന്ന നിലപാടെടുത്തത്.

ഫാമിൽനിന്നു കിലോയ്ക്കു 105 രൂപയ്ക്കാണു കോഴിയെ ലഭിച്ചതെന്നും അതെങ്ങനെ 87 രൂപയ്ക്കു വിൽക്കുമെന്നുമായിരുന്നു ഇവരുടെ ചോദ്യം. സർക്കാർ നിശ്ചയിച്ച വിലയ്ക്കു ജീവനുള്ള കോഴിയെ വിൽക്കുന്നതു നഷ്ടമാണെന്നു കടയുടമകൾ പറയുന്നു. രാവിലെ തുറന്ന പല കോഴിക്കടകളും അടയ്ക്കുകയും ചെയ്തു. പൗൾട്രി ബസാറിന്റെ വിലനിലവാരമനുസരിച്ച് ഇന്നലെ കൊച്ചിയിലെ വില 100 രൂപയായിരുന്നെങ്കിലും ഒരു വ്യാപാരിയും ഈ വിലയ്ക്കു കോഴി വിറ്റില്ല.

തൃശൂരിൽ കോഴി ജീവനോടെ ഒരു കിലോയ്ക്കു 112 മുതൽ 120 രൂപവരെ വിലയ്ക്കാണു വിൽപന നടന്നത്. പാലക്കാട് ജില്ലയിൽ കേ‍ാഴി ഇറച്ചി കിലേ‍ായ്ക്കു 160 മുതൽ 180 രൂപവരെയായിരുന്നു വില. ജീവനുള്ള കേ‍ാഴിക്കു 110-120 രൂപയും ഈടാക്കി. കോഴിക്കോട്ടു കിലോയ്ക്ക് 158 എന്ന നിരക്കിൽ ഇറച്ചിവിൽപന നടന്നു. കണ്ണൂരിൽ വിൽപന നടന്ന കേന്ദ്രങ്ങളിൽ 120 രൂപയായിരുന്നു വില. ഇതിനെ എതിർത്തവർക്കു കിലോയ്ക്ക് 87 രൂപ നിരക്കിൽ ജീവനോടെ നൽകി.

എതിർപ്പിനെ തുടർന്ന് ഉച്ചയ്ക്കു മുൻപുതന്നെ കടകൾ പൂട്ടി. കാസർകോട്ട് കോഴിവില 130 രൂപയായിരുന്നു. മന്ത്രിയുടെ ജില്ലയായ ആലപ്പുഴയിൽ 87 രൂപയ്ക്ക് ഇറച്ചിക്കോഴിയെ ലഭിച്ചില്ല. നിലവിൽ കിലോയ്ക്കു 125 രൂപയ്ക്കാണു വിൽപന. കോഴിയിറച്ചി ഒരു കിലോയ്ക്കു 187 രൂപ നൽകണം. കൊല്ലം ജില്ലയിൽ ഇറച്ചിക്കോഴിയുടെ ചില്ലറ വിൽപന വില 120 രൂപയായിരുന്നു. മൊത്തവിതരണക്കാർ ഇന്നലെ 105 രൂപയ്ക്കാണു കോഴിയെ നൽകിയത്.

related stories