Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

senkumar

തിരുവനന്തപുരം∙ മതസ്പർധ ഉളവാക്കുംവിധം പരാമർശം നടത്തിയെന്ന പരാതികളിൽ മുൻ ഡിജിപി: ടി.പി.സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. രണ്ടു പരാതികളാണു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ചത്. ഇക്കാര്യത്തിൽ, കേസ് എടുക്കാമെന്ന പൊലീസ് ആസ്ഥാനത്തെ നിയമോപദേഷ്ടാവിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനു ബെഹ്റ ഉത്തരവിട്ടത്.

ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന്റെ സംഘമാവും അന്വേഷണം നടത്തുക. എന്നാൽ, കൂടുതൽ പരിശോധനയ്ക്കു ശേഷം മാത്രമേ കേസ് എടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളൂ. പൊലീസ് മേധാവിയായി വിരമിച്ച ശേഷം സെൻകുമാർ ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിലെ പരാമർശമാണു വിവാദമായത്. കേരളത്തിൽ മുസ്‌ലിം ജനസംഖ്യ വർധിക്കുന്നത് ആശങ്കാജനകമാണെന്നും 100 കുട്ടികൾ ജനിക്കുമ്പോൾ 42 എണ്ണവും ഈ സമുദായത്തിൽ നിന്നുള്ളവരാണെന്നത് ആശങ്ക വർധിപ്പിക്കുന്നുവെന്നും ആയിരുന്നു പരാമർശം. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നില്ലെന്നു പറയാൻ കഴിയില്ലെന്നും അഭിപ്രായപ്പെട്ടു.

പരാമർശത്തിനെതിരെ ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. പരാമർശം വർഗീയതയുണ്ടാക്കുന്നെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തി. ബിജെപി പക്ഷേ സെൻകുമാറിനെ പിന്തുണച്ചു. ബിജെപി നേതാക്കൾ അദ്ദേഹത്തെ പാർട്ടിയിലേക്കു പരസ്യമായി ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തിലാണു തന്റെ പരാമർശമെന്നായിരുന്നു സെൻകുമാറിന്റെ വിശദീകരണം. മതസ്പർധ ഉണ്ടാക്കുന്ന ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും വിശദീകരിച്ചു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് മേധാവിയായി തിരിച്ചെത്തിയ നാൾ മുതൽ സെൻകുമാറിനെ ഏതെങ്കിലും കേസിൽ കുടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (കെഎടി) അംഗമായി നിയമിക്കാൻ തിരഞ്ഞെടുപ്പു സമിതി സെൻകുമാറിന്റെ പേര് ശുപാർശ ചെയ്തിട്ടും സർക്കാർ അതു മാസങ്ങളോളം പൂഴ്ത്തി.

രണ്ടാഴ്ച മുൻപു കേന്ദ്രത്തിനു നൽകിയ ശുപാർശയിൽ കെഎടിയിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും സെൻകുമാറിന്റെ പേര് അംഗീകരിക്കരുതെന്നുമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട കാര്യവും ഉടൻ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നാണു സൂചന.