Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റവന്യു വകുപ്പ് ഭൂമി ഒഴിപ്പിച്ചു; പിന്നാലെ ആദിവാസികൾ കയ്യേറി കുടിൽ കെട്ടി

munnar ചിന്നക്കനാലിൽ കയ്യേറ്റക്കാരിൽ നിന്നും ചൊവ്വാഴ്ച റവന്യൂ വകുപ്പ് ഒഴിപ്പിച്ചെടുത്ത സ്ഥലത്ത് ആദിവാസികൾ കയ്യേറി ഷെഡ് കെട്ടിയ നിലയിൽ

മൂന്നാർ ∙ ചിന്നക്കനാലിൽ ചൊവ്വാഴ്ച റവന്യു വകുപ്പ് ഒഴിപ്പിച്ച ഭൂമിയിൽ ഭൂരഹിതരായ ആദിവാസികൾ കയ്യേറി ഷെഡ് കെട്ടി. ഭൂമി പതിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടു ദേവികുളം ആർഡിഒ ഓഫിസിനു മുന്നിൽ സത്യഗ്രഹം നടത്തി വന്ന നാഷനൽ അലയൻസ് ഓഫ് ദലിത് ഓർഗനൈസേഷൻസി (നാഡോ)ന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച സന്ധ്യയോടെയാണു കയ്യേറിയത്.

2003ലെ ആദിവാസി പുനരധിവാസ പദ്ധതിപ്രകാരം ആദിവാസികൾക്കു പതിച്ചുനൽകാൻ നീക്കിയിട്ടിരുന്ന പത്തേക്കർ ഭൂമിയാണു ചൊവ്വാഴ്ച കയ്യേറ്റക്കാരിൽനിന്നു റവന്യു അധികൃതർ ഒഴിപ്പിച്ചെടുത്തത്. ചിന്നക്കനാലിൽ 810 ഏക്കർ ഭൂമിയാണു പതിച്ചു നൽകാനായി കണ്ടെത്തിയിരുന്നത്. അതിൽപെട്ട ഈ പത്തേക്കർ കയ്യേറ്റക്കാരുടെ അധീനതയിൽ ആയിരുന്നതിനാൽ ആദിവാസികൾക്കു പതിച്ചു നൽകാൻ കഴിഞ്ഞിരുന്നില്ല. ചിന്നക്കനാൽ വെള്ളൂക്കുന്നേൽ കുടുംബത്തിന്റെ കൈവശം ഇരുന്ന ഈ ഭൂമിയാണു കഴിഞ്ഞ ദിവസം അവരിൽ നിന്ന് റവന്യു വകുപ്പു പിടിച്ചെടുത്തു ബോർഡ് സ്ഥാപിച്ചതും തുടർന്നു നാഡോയുടെ നേതൃത്വത്തിൽ കയ്യേറിയതും.

പുനരധിവാസ പദ്ധതിപ്രകാരം തങ്ങളുടെ കൈവശമിരുന്ന ഭൂമി പതിച്ചുനൽകാമെന്ന ഉറപ്പിൽ 2003ൽ സർക്കാർ ഏറ്റെടുക്കുകയും എന്നാൽ, ആ ഉറപ്പ് പാലിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് 78 കുടുംബങ്ങൾ ഇവിടെ ഭൂരഹിതരായതായാണു നാഡോയുടെ വാദം. ഇങ്ങനെ ഭൂരഹിതരും ഭൂമിക്കു തികച്ചും അർഹരുമായ കുടുംബങ്ങളാണ് ഇവിടെ കയ്യേറി ഷെഡ് കെട്ടിയതെന്ന് അവർ പറയുന്നു. വരും ദിവസങ്ങളിൽ 78 കുടുംബങ്ങളേയും ഇവിടെയെത്തിച്ച് അവകാശം സ്ഥാപിക്കാനാണ് ഇവരുടെ തീരുമാനം.