Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദ പരാമർശം: സെൻകുമാറിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു; വാരികയുടെ പ്രസാധകനെതിരെയും ജാമ്യമില്ലാ കേസ്

TP Senkumar

തിരുവനന്തപുരം∙ സംസ്ഥാനത്തു മതസ്‌പർധ വളർത്തും വിധം പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനും വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ നൽകിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബർ പൊലീസ് സ്റ്റേഷൻ കേസെടുത്തത്.

സെൻകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റർ സജി ജയിംസ്, റിപ്പോർട്ടർ റംഷാദ് എന്നിവർ ക്രൈംബ്രാഞ്ച് എഡിജിപി നിതിൻ അഗർവാളിന് അഭിമുഖത്തിന്റെ പൂർണരൂപമടങ്ങിയ ടേപ്പ് ഇന്നലെ കൈമാറിയിരുന്നു. വിവാദ പരാമർശങ്ങൾ ഇതിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടി. വൈകിട്ടു നിയമോപദേശം ലഭിച്ചതോടെയാണു കേസെടുക്കുന്നത്.

എഡിറ്റ് ചെയ്യാത്ത ടേപ്പാണു വാരിക ക്രൈംബ്രാഞ്ചിനു നൽകിയത്. മണിക്കൂറുകൾ നീണ്ട അഭിമുഖത്തിനിടെ സ്വകാര്യ സംഭാഷണങ്ങളും റിക്കോർഡ് ചെയ്‌തിരുന്നു. ഇതിൽ ഒരു ഭാഗത്തു കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു സെൻകുമാർ സംസാരിക്കുന്നുണ്ട്.

അഭിമുഖം തയ്യാറാക്കുന്നതിനിടെ സെൻകുമാർ നടത്തിയ സ്വകാര്യ ഫോൺ സംഭാഷണമാണു റിക്കോർഡായത്. ഈ സംഭാഷണവും വാരിക ക്രൈംബ്രാഞ്ചിനു കൈമാറി.

വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്‌പർധയുണ്ടാകുന്ന തരത്തിൽ സെൻകുമാർ പരാമർശം നടത്തിയെന്ന് ആരോപിച്ചു യൂത്ത് ലീഗ് ഉൾപ്പെടെ നൽകിയ പരാതികളിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ടു സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾ ഒരാളുടെ ഭാഗത്തു നിന്നുണ്ടായാൽ കേസെടുക്കാമെന്നും അതിനുള്ള സാഹചര്യം ഈ കേസിൽ കാണാൻ കഴിയുന്നുവെന്നുമാണു ലഭിച്ച നിയമോപദേശം.