Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘ഈ 50 വർഷം ഏറ്റവും നല്ല കാലം’’: ദാമ്പത്യ സുവർണ ജൂബിലിയിൽ വിഎസ്

vs-achuthanandan മധുരം മായാതെ ദാമ്പത്യം: അൻപതാം വിവാഹവാർഷിക ദിനത്തിൽ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും ഭാര്യ വസുമതിയും. മകൻ വി.എ. അരുൺകുമാർ സമീപം. ചിത്രം:മനോരമ.

തിരുവനന്തപുരം∙ ‘‘ഏറ്റവും നല്ല കാലം, സന്തോഷകരമായ കുടുംബ ജീവിതം’’– ഭാര്യ വസുമതിയുമൊത്തു പങ്കിട്ട 50 വർഷത്തെ വിശേഷിപ്പിക്കാൻ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഇതിനപ്പുറം വാക്കുകളുണ്ടായിരുന്നില്ല. വിവാഹ വാർഷിക സുവർണ ജൂബിലിയിൽ ആഘോഷത്തിനും അതേ മിതത്വം– കാണാനെത്തിയവർക്കെല്ലാം ഒരു ഗ്ലാസ് പായസവും ലഡുവും. 

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷപദം വഹിക്കുന്ന വിഎസിന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ മാധ്യമ പ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ ടീഷർട്ട് ധരിച്ചു ചെറുപുഞ്ചിരിയോടെ അദ്ദേഹം ഇരുന്നു. ഭാര്യ വസുമതിയും മക്കളായ ആശയും അരുൺകുമാറും കുടുംബാംഗങ്ങളും ചുറ്റും. മുന്നിലെത്തിയെ പ്ലേറ്റിൽനിന്നു മധുരമെടുത്തു വസുമതിക്കു നൽകി. മാധ്യമ പ്രവർത്തകർ നിർബന്ധിച്ചപ്പോൾ ഇരുവരും പരസ്പരം ലഡു കൈമാറി. 

വിവാഹിതരായതിനെക്കുറിച്ചൊക്കെ ചോദ്യങ്ങൾ വന്നപ്പോൾ ഒറ്റ വാചകത്തിൽ മറുപടി– "ആ കഥകളൊക്കെ പത്രത്തിൽ വന്നിട്ടുണ്ടല്ലോ". നിർബന്ധിച്ചപ്പോൾ പക്ഷേ വസുമതി പറഞ്ഞു: കല്യാണം കഴിഞ്ഞു വിഎസ് നേരെ പോയതു പാർട്ടി പരിപാടിക്കാണ്. അന്ന് അമ്പലപ്പുഴ എംഎൽഎയാണല്ലോ. 

കൂട്ടച്ചിരികൾക്കിടെ അവർ തുടർന്നു: ‘‘രാത്രി ഒൻപതു വരെ ഞാൻ വിഎസിന്റെ ചേട്ടന്റെ വീട്ടിൽ കാത്തിരുന്നു. അദ്ദേഹമെത്തിയ ശേഷം കൊണ്ടുപോയതു വാടകവീട്ടിലേക്ക്. പ്രായമായ ഒരു സ്ത്രീ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. കല്യാണപ്പിറ്റേന്നു തിരുവനന്തപുരത്തേക്കും പോയി– നിയമസഭാ സമ്മേളനത്തിന്. പിന്നെ, വിഎസ് തിരക്കുള്ള ആളാണെന്ന് എനിക്കറിയാമല്ലോ". 

ഒരു മണിക്കു മുമ്പേ കുടുംബാംഗങ്ങളുമൊത്തിരുന്നു വിഎസ് ഊണു കഴിച്ചു. ആശംസകളുമായി എത്തിയവർക്കെല്ലാം പായസവും ലഡുവും കിട്ടിയെന്ന് ഉറപ്പാക്കിയശേഷം വിശ്രമിക്കാൻ മുറിക്കുള്ളിലേക്കു പോയി. സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്പെഷൽ പായസം തയാറാക്കിയിരുന്നു. 

‘‘50 വർഷമായെന്ന് അറിഞ്ഞില്ല. പുലർച്ചെ രണ്ടു മുതൽ ആശംസകളുമായി ഇരുവരുടെയും ഫോണിലേക്കു വിളികൾ വരാൻ തുടങ്ങി. അപ്പോഴാണു കാര്യം മനസ്സിലായത്’’– വസുമതി പറഞ്ഞു. 

വിവാഹത്തോടു താൽപര്യമില്ലായിരുന്ന വിഎസ്, ഒടുവിൽ ആർ.സുഗതന്റെ ഉപദേശം സ്വീകരിച്ചാണു 43–ാം വയസ്സിൽ അതിനു തയാറായത്. വസുമതിക്ക് അന്ന് 29 വയസ്സായിരുന്നു.

related stories