Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധപ്രവർത്തനങ്ങൾ പേരിനുമാത്രം; പനിമരണങ്ങൾ വീണ്ടും കുതിച്ചുയരുന്നു

fever

തിരുവനന്തപുരം∙ പ്രതിരോധ പ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കുകയും പേരിനു മാത്രവുമായതോടെ പനിബാധിതരുടെ എണ്ണം വീണ്ടും സംസ്ഥാനത്തു കുതിച്ചുയരുന്നു. സാധാരണ പനി ഉൾപ്പെടെയുള്ള മരണങ്ങളും വർധിച്ചു.

ദിനംപ്രതി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ പത്തോളം പേർ മരിക്കുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്ത് ഇപ്പോൾ. ആരോഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കുന്ന പനി പ്രസ്താവനകളല്ലാതെ മറ്റു പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. 

18 ലക്ഷത്തിലധികം പേർക്കാണ്​ ഇൗ വർഷം ആറരമാസത്തിനിടെ പകർച്ചപ്പനി ബാധിച്ചത്​. കുട്ടികളും യുവജനങ്ങളുമുൾപ്പെടെ 60 പേർ മരിച്ചു. ഇതിനെ വളരെ നിസ്സാരമായാണു​ ബന്ധപ്പെട്ടവർ ഇപ്പോഴും കാണുന്നത്​.

ഡെങ്കിപ്പനിയും ​െഡങ്കി ലക്ഷണങ്ങളുമായി നൂറ്റിഅൻപതിലധികം പേരാണ് ആറരമാസത്തിനിടെ മരിച്ചത്. അരലക്ഷത്തിലധികം പേർക്ക്​ ഇൗ രോഗം പിടിപെട്ടു. എലിപ്പനി കവർന്നത്​ 57 ജീവനുകളാണ്​. 2116 പേർക്ക്​ ഇതുവരെ എലിപ്പനി സ്​ഥിരീകരിക്കുകയും ചെയ്​തിട്ടുണ്ട്​. 

അപകടകാരിയായ എച്ച്​1 എൻ1 കവർന്നത്​ 66 ജീവനുകളെയാണ്​. 1128 പേർ ​രോഗികളായി. ഇൗ മാസം 15 ദിവസത്തിനിടെ സാധാരണ പനിബാധിച്ചു​ മരിച്ചവരുടെ എണ്ണം​ 26. ഡെങ്കിപ്പനി ബാധിച്ചു​ മരിച്ചത്​ 60 പേരും എലിപ്പനി ബാധിച്ച്​ 11 പേരും മരിച്ചു.

ഒൻപതുപേർ എച്ച്​വൺ എൻ വൺ ബാധിച്ചും മരിച്ചു. സർക്കാർ ആശുപത്രികളുടെ മാത്രം കണക്കാണിത്​. സ്വകാര്യ ആശുപത്രികളിലേയും ക്ലിനിക്കുകളിലേയും കണക്കുകൾ കൂടി പരിശോധിച്ചാൽ സ്ഥിതി രൂക്ഷമാണെന്നു ബോധ്യമാകും.

ചുരുക്കത്തിൽ മറ്റു പല വിഷയങ്ങളും വന്നെത്തിയതോടെ പനി സർക്കാരിനു പ്രശ്നമല്ലാതായി മാറി. ഇത് അവസരമായി എടുത്ത് ആരോഗ്യ വകുപ്പും ഉരുണ്ടു കളിക്കുകയാണെന്നാണ് ആക്ഷേപം.