Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകർച്ചപ്പനി: കേന്ദ്ര സംഘത്തിന്റെ അടിയന്തര നിർദേശങ്ങൾ സംസ്ഥാനം അവഗണിച്ചു

Fever

കോഴിക്കോട് ∙ പകർച്ചപ്പനി തടയാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര സംഘം നൽകിയ അടിയന്തര നിർദേശങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാനത്തിനു മെല്ലെപ്പോക്ക്. പനിബാധയുമായി ബന്ധപ്പെട്ട് ജൂൺ അവസാനവാരം കേരളത്തിൽ സന്ദർശനം നടത്തിയ നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം (എൻവിബിഡിസിപി) ജോ. ഡയറക്ടർ ഡോ. കൽപന ബറുവ നൽകിയ അടിയന്തര നിർദേശങ്ങളാണ് ആരോഗ്യവകുപ്പിന്റെ താഴേത്തട്ടിലേക്കെത്താൻ വൈകിയത്.

ഡോ. കൽപനയുടെ നിർദേശങ്ങളടങ്ങുന്ന കത്ത് സംസ്ഥാന ഹെൽത്ത് സർവീസസ് അഡി. ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫിസർമാർക്കടക്കം എത്തിച്ചത് ഈ മാസം 14നാണ്. ആരോഗ്യവകുപ്പ് ജീവനക്കാരെയും വൊളന്റിയർമാരെയും ഉൾപ്പെടുത്തി 15 ദിവസത്തെ തീവ്രയജ്ഞത്തിനായിരുന്നു നിർദേശം.

ആരോഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കുന്ന പനി പ്രസ്താവനകളല്ലാതെ മറ്റു പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. 

18 ലക്ഷത്തിലധികം പേർക്കാണ്​ ഇൗ വർഷം ആറരമാസത്തിനിടെ പകർച്ചപ്പനി ബാധിച്ചത്​. കുട്ടികളും യുവജനങ്ങളുമുൾപ്പെടെ 60 പേർ മരിച്ചു. ഇതിനെ വളരെ നിസ്സാരമായാണു​ ബന്ധപ്പെട്ടവർ ഇപ്പോഴും കാണുന്നത്​. 

ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാനായി വ്യാപക കർമപരിപാടി ആവിഷ്കരിക്കുക, മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കുക, കൊതുകിനെ തുരത്താനായി ഫോഗിങ്ങടക്കം നടപ്പാക്കുക, വ്യാപകമായി ബോധവൽക്കരണം നടത്തുക തുടങ്ങിയ നിർദേശങ്ങളുണ്ടായിരുന്നു.

നിലവിലെ കർമപദ്ധതിയിൽ ഈ പ്രവർത്തനങ്ങളെല്ലാം ഉൾപ്പെടുത്തണമെന്നും ഒരാഴ്ചയ്ക്കുശേഷം തീവ്രപരിപാടി ആവർത്തിക്കണമെന്നും ജോ. ഡയറക്ടർ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം ലഭിച്ചു രണ്ടാഴ്ചയിലധികം കഴിഞ്ഞപ്പോഴാണ് അഡി. ഡിഎച്ച്എസ് ഇക്കാര്യം താഴേത്തട്ടിലേക്ക് അറിയിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫിസർമാർ വഴി പഞ്ചായത്തുതലത്തിലേക്ക് എത്തുന്ന നിർദേശങ്ങൾ നടപ്പാക്കാൻ ഇനിയും വൈകിയേക്കും.