Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്ക് അവയവദാന നടപടി വിലക്ക്

തിരുവനന്തപുരം∙ അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ അവയവദാന ലൈസൻസ് സർക്കാർ സസ്പെൻഡ് ചെയ്തു. കൊല്ലത്തെ ഡോ. എസ്.ഗണപതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

രേഖകൾ തയാറാക്കുന്നതിലെ ചെറിയ പിഴവിന്റെ പേരിൽ ലൈസൻസ് റദ്ദാക്കിയതു പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി സർക്കാരിനെ സമീപിച്ചതിനെത്തുടർന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ നിയോഗിച്ചു. 

രോഗിക്കു മസ്തിഷ്കമരണം സംഭവിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളിൽ ആശുപത്രി വീഴ്ച വരുത്തിയെന്നാണു പരാതി. മസ്തിഷ്കമരണം ഉറപ്പുവരുത്താൻ നാലു ഡോക്ടർമാരുടെ സംഘം ആറു മണിക്കൂർ ഇടവേളയിൽ രണ്ടുവട്ടം പരിശോധന നടത്തണമെന്നാണു ചട്ടം.

പരിശോധനാ റിപ്പോർട്ടിൽ രണ്ടുതവണയും നാലു ഡോക്ടർമാരും ഒപ്പിടണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു രോഗിയുടെ മസ്തിഷ്കമരണ റിപ്പോർട്ടിന്റെ രണ്ടാംഭാഗത്തിൽ മൂന്നു ഡോക്ടർമാർ മാത്രമേ ഒപ്പിട്ടുള്ളൂവെന്നാണു പരാതി. 

പരാതിയിൽ ഹൈക്കോടതി ഇടപെട്ടതിനെത്തുടർന്നു മസ്തിഷ്കമരണം സ്ഥിരീകരിക്കുന്ന ഡോക്ടർമാരുടെ സംഘത്തിൽ ഒരു സർക്കാർ ഡോക്ടറെ നിർബന്ധമാക്കി സർക്കാർ നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിനു പുറമെയാണ് ആശുപത്രിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.

ആയിരക്കണക്കിനു പേർ അവയവം കാത്തുകഴിയുമ്പോൾ ഇത്തരമൊരു പിഴവിന്റെ പേരിൽ അനുമതി നിഷേധിക്കരുതെന്ന് അഭ്യർഥിച്ചാണ് ആശുപത്രി സർക്കാരിനെ സമീപിച്ചത്.

തുടർന്നാണു സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ അന്വേഷണത്തിനു നിയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം.