Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാർക്കു മികച്ച വേതനം: നിർദേശം നടപ്പാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്രം സംസ്ഥാനങ്ങളോട്

jp-nadda-2 ജെ.പി. നഡ്ഡ

ന്യൂഡൽഹി ∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു മികച്ച വേതനം നൽകുന്നതിനുള്ള നിർദേശം നടപ്പാക്കി റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. സ്വകാര്യ മേഖലയിൽ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കണമെന്നും ഇരുനൂറിലേറെ കിടക്കകളുള്ള ആശുപത്രികളിൽ ശമ്പളം സർക്കാർ നഴ്സുമാരുടേതിനു തുല്യമാക്കണമെന്നുമാണു കേന്ദ്ര നിർദേശമെന്ന് ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ ലോക്സഭയിൽ കേരള എംപിമാരെ അറിയിച്ചു. ആന്റോ ആന്റണി, കെ.സി.വേണുഗോപാൽ എന്നിവർ ശൂന്യവേളയിൽ പ്രശ്നം അവതരിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.

മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ജോസ് കെ. മാണി, എം.കെ.രാഘവൻ, പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.കെ.പ്രേമചന്ദ്രൻ, ഇ.ടി.മുഹമ്മദ് ബഷീർ തുടങ്ങിയവരും പിന്തുണച്ചു. കേരളത്തിലടക്കം നഴ്സുമാർ സമരത്തിലാണെന്നും കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാൻ സുപ്രീം കോടതി നിർദേശിച്ച‌തു പാലിക്കപ്പെടുന്നില്ലെന്നും അവർ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കഴിഞ്ഞ വർഷം നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ഇതനുസരിച്ചു നിയമനിർമാണം നടത്താനും മാർഗരേഖകൾക്കു രൂപം നൽകാനും സംസ്ഥാനങ്ങൾക്കു നിർ‌ദേശം നൽകുകയും ചെയ്തു.

ഇതിലെ ‌മുഖ്യാംശങ്ങൾ ഇവയായിരുന്നു:

∙ ഇരുനൂറിലേറെ കിടക്കകളുള്ള ആശുപത്രികളിൽ സംസ്ഥാനത്തെ തത്തുല്യ ഗ്രേഡിലുള്ള സർക്കാർ നഴ്സുമാരുടേതിനു തുല്യ ശമ്പളം ഉറ‌പ്പാക്കുക.

∙ നൂറിലേറെ കിടക്കകളുള്ളിടത്ത് ശമ്പളം സർക്കാർ ശമ്പളത്തിന്റെ 90 ശതമാനമെങ്കിലും നൽകുക.

∙ 50–100 കിടക്കകളുള്ള ആശുപത്രികളിൽ ‌സർക്കാർ ശമ്പളത്തിന്റെ 75 ശതമാനമെങ്കിലും നൽകുക.

∙ 50 കിടക്കയിൽ താഴെയാണെങ്കിലും കുറഞ്ഞ ശമ്പളം 20,000 രൂപയിൽ കുറയരുത്.

∙ അവധി, ജോലി സമയം, ചികിത്സ, ഗതാഗത, താമസ സൗകര്യങ്ങൾ എന്നിവ സർക്കാരിലേതിനു സമാനമായിരിക്കണം.

അംഗീകൃത യോഗ്യതയും തൊഴിൽപരിചയവുമുള്ള നഴ്സുമാർക്കു ലഭിക്കുന്ന വേതനം അവിദഗ്ധ തൊഴിലാളികൾക്കു ലഭിക്കുന്നതിനെക്കാൾ കുറവാണെന്ന് ആന്റോ ആന്റണി ലോക്സഭയിൽ പറഞ്ഞു. ബാങ്ക് വായ്പ വാങ്ങി പഠനം പൂർത്തിയാക്കിയ നഴ്സുമാരിൽ 99 ശതമാനത്തിനും അതു തിരിച്ചടയ്ക്കാനാവുന്നില്ല. മെച്ചപ്പെട്ട ശമ്പളം ഉറപ്പാക്കാൻ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നു വേണുഗോപാൽ ആവശ്യപ്പെട്ടു. ദൈവത്തിന്റെ മാലാഖമാർ എന്നറിയപ്പെടുന്ന നഴ്സുമാരുടെ ജീവിത, തൊഴിൽ സാഹചര്യങ്ങൾ അതിദയനീയമാണെന്ന് അദ്ദേഹം ചൂ‌ണ്ടിക്കാട്ടി.