Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സ് സമരം: മുഖ്യമന്ത്രിയുടെ നിർണായക യോഗം ഇന്ന് നാലിന്

തിരുവനന്തപുരം / കൊച്ചി ∙ നഴ്സുമാരുടെ സമരം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത നിർണായക യോഗം ഇന്നു നാലുമണിക്ക്. നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും സംഘടനാപ്രതിനിധികളാണു പങ്കെടുക്കുന്നത്. രാവിലെ 11നു വ്യവസായ ബന്ധ സമിതിയുടെയും മിനിമം വേജസ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേരും. കഴിഞ്ഞ 10നു ചേർന്ന മിനിമം വേജസ് കമ്മിറ്റിയുടെ തീരുമാനങ്ങൾ ഈ യോഗത്തിൽ അംഗീകരിച്ചു മുഖ്യമന്ത്രിക്കു സമർപ്പിച്ചശേഷമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചർച്ച. ചർച്ച പൊളിഞ്ഞാൽ എല്ലാ സ്വകാര്യ ആശുപത്രികളിലും ഇന്നു രാത്രി തന്നെ നഴ്സുമാർ പണിമുടക്ക് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റി ഇന്നലെ നടത്തിയ ചർച്ചയിൽ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെന്റുകളും വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഏറ്റവും കുറഞ്ഞത് 20,000 രൂപയെങ്കിലും അടിസ്ഥാന ശമ്പളം വേണമെന്ന ആവശ്യത്തിൽ നഴ്സുമാരുടെ സംഘടനയും അത് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകളും നിലപാടെടുത്തു. അ‍ഡ്വ. സുഹ്റ, അഡ്വ. ജോർജ് എന്നിവർ പങ്കെടുത്ത മീഡിയേഷൻ കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രി അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. ഹുസൈൻ കോയ തങ്ങൾ, കത്തോലിക്കാ ആശുപത്രികളുടെ അസോസിയേഷന്റെ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ജൂബിലി ആശുപത്രി ഡയറക്ടർ ഫ്രാൻസിസ് പള്ളിക്കുന്നത്ത്, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ എന്നിവരാണു പങ്കെടുത്തത്.

ഇരുപതോളം ആശുപത്രികളിൽ സമരത്തിനു നേതൃത്വം കൊടുക്കുന്ന ഐഎൻഎയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ല. ഇവരെ കൂടി ഉൾപ്പെടുത്തി ചർച്ച ചെയ്താൽ മാത്രമേ പ്രശ്നപരിഹാരത്തിനു സാധുതയുള്ളൂ എന്ന നിലപാടെടുത്തതോടെയാണ് ചർച്ച അവസാനിപ്പിച്ചത്. നഴ്സുമാർ ഉന്നയിച്ച ഒരാവശ്യവും അംഗീകരിക്കാൻ മാനേജ്മെന്റുകൾ തയാറായില്ലെന്നു ചർച്ചയ്ക്കുശേഷം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ പറഞ്ഞു. മാനേജ്മെന്റ് നിലപാടിൽ പ്രതിഷേധിച്ച് ആശുപത്രികളിൽ കൂട്ട അവധി എടുക്കുന്നതിനാൽ മൂന്നിലൊന്നു ജീവനക്കാർ മാത്രമേ ഇന്നു ജോലിക്ക് ഹാജരാവുകയുള്ളൂ. ഐസിയു, അത്യാഹിത വിഭാഗം എന്നിവിടങ്ങളുടെ പ്രവർത്തനം തടസ്സപ്പെടില്ല. ലഭ്യമായ ജീവനക്കാരെവച്ച് ആശുപത്രികൾ പ്രവർത്തിപ്പിക്കുമെന്നു മാനേജ്മെന്റുകളുടെ പ്രതിനിധികൾ അറിയിച്ചു.

നഴ്സുമാരുടെ ആവശ്യങ്ങൾ അതേപടി അംഗീകരിച്ചാൽ ആശുപത്രികളുടെ നടത്തിപ്പു പ്രതിസന്ധിയിലാകുമെന്നാണു മാനേജ്മെന്റുകളുടെ നിലപാട്. ശമ്പള വർധനയ്ക്കൊപ്പം ട്രെയിനി സമ്പ്രദായത്തെക്കുറിച്ചുള്ള തീരുമാനവും ഇന്നു മുഖ്യമന്ത്രിയുടെ യോഗത്തിൽ ചർച്ചയാകും. ട്രെയിനി സമ്പ്രദായം ഒരുവർഷമായി നിജപ്പെടുത്തണമെന്ന ശുപാർശ സർക്കാരിനു മുന്നിലുണ്ട്. ട്രെയിനി സംവിധാനം സുപ്രീം കോടതി നിരോധിച്ചിട്ടുള്ളതിനാൽ അതിനു വിരുദ്ധമായ തീരുമാനം സർക്കാർ സ്വീകരിച്ചാൽ അതു കോടതിയലക്ഷ്യമാകും.