Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചി ആസ്ഥാനമായി റെയിൽവേ സോൺ വേണം: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ കേരളത്തിന്റെ റെയിൽവേ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കുന്നതിനു പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകൾ ചേർത്തു കൊച്ചി ആസ്ഥാനമായി പുതിയ റെയിൽവേ സോൺ രൂപീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോടും റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം-തിരുനൽവേലി, നാഗർകോവിൽ-കന്യാകുമാരി ലൈനുകൾ തിരുവനന്തപുരം ഡിവിഷനിൽ നിന്നു വേർപെടുത്തി മധുര ഡിവിഷനിൽ ചേർക്കാനുള്ള നീക്കം തടയണമെന്നും ഇരുവർക്കും അയച്ച കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
റെയിൽവേയുമായി ചേർന്നു സംസ്ഥാനം കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ എന്ന സംയുക്ത സംരംഭത്തിനു രൂപം നൽകിയിരിക്കുകയാണ്. എന്നാൽ മേഖലാ ഓഫിസ് ചെന്നെയിലായതിനാൽ പദ്ധതികളിൽ തീരുമാനം നീണ്ടുപോകുന്നു.

അതിവേഗ റെയിൽപാതയും തലശ്ശേരി-മൈസൂർ, അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ പാതകളും പാലക്കാട് കോച്ച് ഫാക്ടറിയും പൂർത്തിയാക്കാൻ കഴിയാത്തതിന് ഒരു കാരണം കേരളത്തിനു സ്വന്തമായി റെയിൽവേ സോൺ ഇല്ലാത്തതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനു കന്യാകുമാരി മുതൽ മംഗലാപുരം വരെ പരിധിയുള്ള പെനിൻസുലർ റെയിൽവേ സോൺ കൊച്ചി കേന്ദ്രമായി അനുവദിക്കേണ്ടത് ആവശ്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ തിരക്കു കുറയ്ക്കുന്നതിനു നേമത്ത് ഉപഗ്രഹ സ്റ്റേഷൻ സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ, തിരുവനന്തപുരം-തിരുനൽവേലി, നാഗർകോവിൽ-കന്യാകുമാരി ലൈനുകൾ മാറ്റുന്നത് ഈ മേഖലയിലെ വികസനം ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

related stories