Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ; സമരം തീർന്നു

Nurses-celebration-6 സമരം വിജയിച്ച നഴ്സുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ആഹ്ലാദപ്രകനം നടത്തുന്നു. ചിത്രം: മനോജ് ചേമഞ്ചരി

തിരുവനന്തപുരം∙ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയായി നിശ്ചയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ചർച്ചയിൽ തീരുമാനം. ഇതോടെ നഴ്സുമാർ സമരം അവസാനിപ്പിച്ചു. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്കാണ് 20,000 രൂപ ശമ്പളം ലഭിക്കുക. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം നിർണയിക്കാനും നഴ്സുമാരുടെ പരിശീലന കാലാവധിയും സ്റ്റൈപൻഡും നിശ്ചയിക്കാനും ഉദ്യോഗസ്ഥസമിതിയെ നിയോഗിച്ചു.

ആരോഗ്യം, തൊഴിൽ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാരും ലേബർ കമ്മിഷണറും ഉൾപ്പെടുന്ന സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ റിപ്പോർട്ട് മിനിമം വേതന സമിതിക്കു സർക്കാർ സമർപ്പിക്കും. തുടർന്നാണ് അന്തിമ തീരുമാനം. ആശുപത്രികളിൽ നഴ്സുമാരെ ട്രെയിനിയായി നിയമിക്കുന്നത് 2012ൽ സുപ്രീം കോടതി നിരോധിച്ച കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യവും ഉദ്യോഗസ്ഥസമിതി പരിശോധിക്കുമെന്നു പിണറായി പ്രതികരിച്ചു.

ഒരു ആശുപത്രിയിൽ ട്രെയിനിയായി ജോലി ചെയ്തിട്ടുള്ള നഴ്സ് മറ്റൊരു ആശുപത്രിയിൽ എത്തുമ്പോൾ അവിടെയും ട്രെയിനിയായി തുടരണമെന്ന നയം അംഗീകരിക്കാനാവില്ല. മിനിമം വേതന സമിതി അംഗീകരിച്ച ശമ്പളം നഴ്സുമാർ ഒഴികെയുള്ളവർക്കു ബാധകമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച സമിതിയാണ് 50 കിടക്കകൾ വരെയുള്ള ആശുപത്രികളിലെ നഴ്സുമാർക്കു മൊത്തശമ്പളം 20,000 രൂപ നൽകണമെന്നു ശുപാർശ ചെയ്തത്. ഇതു നവംബർ മുതൽ നടപ്പാക്കണമെന്നാണു കേന്ദ്രസർക്കാർ നിർദേശം.

രാജ്യത്ത് ആദ്യമായി കേരളമാണു 20,000 രൂപ കുറഞ്ഞ ശമ്പളം അംഗീകരിക്കുന്നത്. മറ്റ് ആശുപത്രികളുടെ ശമ്പളഘടന സംബന്ധിച്ചു സമിതി ശുപാർശ: 50 മുതൽ 100 വരെ കിടക്കകൾ–20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ– 25,500 രൂപ, 200 നു മുകളിൽ കിടക്കകൾ– 27,800 രൂപ. സമരം ചെയ്ത നഴ്സുമാരോടു പ്രതികാര നടപടി പാടില്ലെന്നു ചർച്ചയിൽ പങ്കെടുത്ത മാനേജ്മെന്റ് പ്രതിനിധികളോടു മുഖ്യമന്ത്രി നിർദേശിച്ചു. മാനേജ്മെന്റുകളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നു നഴ്സുമാരുടെ സംഘടനാ പ്രതിനിധികളോടും അദ്ദേഹം ആവശ്യപ്പെട്ടു.