Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടേതു മധുരിക്കുന്ന വിജയം

Nurses-celebration-8 സമരം വിജയിച്ച നഴ്സുമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ആഹ്ലാദപ്രകനം നടത്തുന്നു. ചിത്രം: മനോജ് ചേമഞ്ചരി

തിരുവനന്തപുരം∙ രാഷ്ട്രീയകക്ഷികളിൽ അഭയം തേടാതെ, തൊഴിലാളി സംഘടനകളുടെ അട്ടിമറിയിൽ മുറിവേൽക്കാതെ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയ നഴ്സുമാർ നേടിയതു മധുരിക്കുന്ന വിജയം. ജൂണിൽ കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിൽ സമരാഗ്നി തെളിഞ്ഞപ്പോൾ അത് ഇത്രയും ആളിപ്പടരുമെന്നു സർക്കാർ പ്രതീക്ഷിച്ചില്ല. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കണ്ണൂർ, കാസർകോട് ജില്ലകളിലും യുണൈറ്റഡ് നഴ്സസ് അസോസിയേഷഷൻ തൃശൂരിലും സമരം ശക്തമാക്കി. നഴ്സുമാർ കൂട്ടത്തോടെ സമരവേദിയിൽ എത്തിയതോടെ അതു കേരളമാകെ വ്യാപിക്കുമെന്നു സർക്കാർ ഭയന്നു.

കഴിഞ്ഞ പത്തിനു മിനിമം വേജസ് കമ്മിറ്റിയിൽ, സുപ്രീം കോടതി നിർദേശിച്ച ശമ്പളത്തിനിപ്പുറമൊരു വിട്ടുവീഴ്ചയ്ക്ക് നഴ്സുമാർ തയാറായില്ല. നഴ്സുമാരെ ട്രെയിനിയായി നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മാനേജ്മെന്റുകളാകട്ടെ തങ്ങളുടെ വരുതിയിൽ എല്ലാം നിൽക്കണമെന്നാണു ശഠിച്ചത്. ആറു മണിക്കൂർ നീണ്ട ചർച്ചയിൽ സിഐടിയു ഉൾപ്പെടയുള്ളവരുടെ മനസ്സ് മാനേജ്മെന്റുകൾക്ക് ഒപ്പമായിരുന്നു. രാഷ്ട്രീയ പാർട്ടികളും ആശുപത്രികൾ നടത്തുന്നതുകൊണ്ടാണു ട്രേഡ് യൂണിയനുകൾ മുതലാളിപക്ഷ ചിന്തയിലേക്കു വഴിമാറിയത്. അന്നത്തെ ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ച ശമ്പളം ഇങ്ങനെ: 20 കിടക്കകൾവരെ–18,232 രൂപ, 21 മുതൽ 100 കിടക്കകൾവരെ–19,810 രൂപ, 101 മുതൽ 300 വരെ കിടക്കൾ–20,014 രൂപ, 301 മുതൽ 500 വരെ കിടക്കകൾ–20,980 രൂപ, 501 മുതൽ 800 കിടക്കകൾ വരെ–22,040 രൂപ, 800നു മുകളിൽ കിടക്കകൾ–23,760 രൂപ. ഇത് അംഗീകരിക്കാനാവില്ലെന്ന് അന്നു തന്നെ പ്രഖ്യാപിച്ച നഴ്സുമാരുടെ രണ്ടു സംഘടനകളും സമരത്തിലേക്കു തിരഞ്ഞു.

പിറ്റേന്ന് യുഎൻഎ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സർക്കാരിനു നൽകിയതു വലിയ മുന്നറിയിപ്പായിരുന്നു. 17 മുതൽ പണിമുടക്കു സമരം ആരംഭിക്കുമെന്നാണ് അവർ പ്രഖ്യാപിച്ചത്. അപ്പോഴേക്കും ഐഎൻഎയുടെ നേതൃത്വത്തിൽ മലബാർ മേഖലയിൽ പണിമുടക്ക് ആരംഭിച്ചിരുന്നു. കൈവിട്ടുപോകുമെന്ന ഘട്ടം എത്തിയപ്പോൾ മിനിമം വേജസ് കമ്മിറ്റിയുടെ ശുപാർശ നടപ്പാക്കാമെന്ന ഉറപ്പുമായി മാനേജ്മെന്റുകളുടെ സംഘടന രംഗത്തുവന്നു. അംഗീകരിക്കില്ലെന്നു നഴ്സുമാർ അസന്നിഗ്ധമായി വ്യക്തമാക്കിയതോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നത്. 20 വരെ സമരം ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കണ്ണൂരിലെ സമരത്തെ നേരിടാൻ നഴ്സിങ് വിദ്യാർഥികളെ ആശുപത്രികളിൽ നിയോഗിക്കാൻ കലക്ടർ തീരുമാനിച്ചത് ഏറെ വിമർശനങ്ങൾക്കു വഴിവച്ചു.

ആരോഗ്യമന്ത്രിയുടെ ജില്ലയിൽ രോഗികളെ കൊലയ്ക്കു കൊടുക്കുന്നതാണു കലക്ടറുടെ തീരുമാനമെന്ന കുറ്റപ്പെടുത്തലുകൾക്കൊടുവിൽ ഉത്തരവ് മരവിപ്പിച്ചു. 19നു നടന്ന ഹൈക്കോടതി മീഡിയേഷൻ കമ്മിറ്റിയിലും സുപ്രീംകോടതി സമിതിയുടെ ശമ്പള വർധന വേണമെന്ന ആവശ്യം മാനേജ്മെന്റുകൾ തള്ളി. ഉടൻ, യുഎൻഎയുടെ നേതൃത്വത്തിൽ നഴ്സുമാർ കൂട്ട അവധി എടുത്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഇന്നു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ പൂട്ടിയിടേണ്ടിവരുമായിരുന്നു.