Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്

Dileep

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു വിധി പറയും. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.

ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിന്റെ (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായും സഹതടവുകാരൻ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു.

ഇതിനുശേഷം ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലീസിനു കഴിയാതിരുന്നതാണ് ഒളിവിൽ പോകാനിടയാക്കിയത്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായി വിവരമുണ്ട്.

അതേസമയം, ദിലീപുമായി അടുപ്പം പുലർത്തുന്ന ഒരു യുവനടിയുടെ ബാങ്ക് അക്കൗണ്ടിലേക്കു വൻ തുക നിക്ഷേപിക്കപ്പെട്ടതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു സിനിമകളിൽ മാത്രമാണ് ദിലീപിനൊപ്പം അഭിനയിച്ചതെങ്കിലും ഈ നടിയുമായി നടന് അടുത്ത സൗഹൃദമുണ്ട്. യുവനടി ഉപദ്രവിക്കപ്പെട്ടതിനു ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത് എന്നതിനാൽ ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.