Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രസീത് വിവാദം: ധനകാര്യ ചുമതല വഹിച്ചവരുടെ പട്ടികയുമായി വി.മുരളീധരൻ

v-muralidharan വി.മുരളീധരൻ

തിരുവനന്തപുരം∙ കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിന്റെ സാമ്പത്തിക വിഭാഗം കൺവീനർ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ തന്നെയായിരുന്നുവെന്നു വ്യക്തമാക്കുന്ന ഭാരവാഹിപ്പട്ടിക പാർട്ടി ദേശീയ നിർവാഹകസമിതി അംഗം വി.മുരളീധരൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ടു വ്യാജരസീത് ഇറക്കിയെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിൽ നൽകിയ വിശദീകരണത്തിന്റെ ഭാഗമായാണ് ഈ പോസ്റ്റ്.

സമ്മേളനത്തിന്റെ ധനകാര്യ ചുമതല തനിക്കായിരുന്നുവെന്ന നിലയ്ക്കാണു വ്യാജപ്രചാരണം നടത്തുന്നതെന്നു മുരളീധരൻ പറഞ്ഞു. ആ വിഭാഗത്തിന്റെ സഹകൺവീനർ മാത്രമായിരുന്നു താൻ. പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ് എന്നിവരായിരുന്നു മറ്റു സഹകൺവീനർമാരെന്നും പട്ടികയിൽ നിന്നു വ്യക്തമാകും. മൂന്നരപ്പതിറ്റാണ്ടായി സുതാര്യമായ പൊതുപ്രവർത്തനം നടത്തുന്ന തന്നെ വ്യാജപ്രചാരണത്തിലൂടെ തളർത്താമെന്ന് ആരും കരുതേണ്ട. അതിനായി പരിശ്രമിക്കുന്നവർ നിരാശരാകും. ഭീഷണികളും കുത്തുവാക്കുകളും ഒരിക്കലും മുന്നോട്ടുള്ള യാത്രയെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.