Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ടി. തോമസിന്റെ കാറിനു തകരാർ വരുത്തി അപായപ്പെടുത്താൻ ശ്രമമെന്നു സംശയം

PT-Thomas

കൊച്ചി ∙ കാറിനു തകരാർ വരുത്തി തന്നെ അപായപ്പെടുത്താൻ ശ്രമം നടത്തിയോ എന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പി.ടി. തോമസ് എംഎൽഎ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. കാറിന്റെ നാലു വീലിന്റെയും നട്ട് അയഞ്ഞിരിക്കുന്നതു വാഹന യാത്രയ്ക്കിടെ ശ്രദ്ധയിൽ പെട്ടുവെന്നും ഇത് ആരെങ്കിലും മനഃപൂർവം ചെയ്തതാണോ എന്ന് അന്വേഷിക്കണമെന്നുമാണു പരാതിയിലെ ആവശ്യം.

കഴിഞ്ഞ 23നു വൈകിട്ട് വൈറ്റില ജംക്‌ഷനിൽ വഴിയാത്രക്കാരൻ ചൂണ്ടിക്കാണിച്ചപ്പോഴാണു കാറിന്റെ പിൻഭാഗത്ത് ഇടതുവശത്തെ വീലിന്റെ നട്ട് അയഞ്ഞതായി ശ്രദ്ധിച്ചത്. പിന്നീട് വാഹനം നിർത്തി പരിശോധിച്ചപ്പോൾ നാലു വീലിന്റെയും നട്ട് അയഞ്ഞ നിലയിലാണെന്നു മനസ്സിലായി.

രണ്ടു ദിവസം മുൻപ് കാറിന്റെ സർവീസ് നടത്തിയിരുന്നതാണ്. കമ്പനിയിൽനിന്നു മെക്കാനിക് എത്തി പരിശോധിച്ചപ്പോൾ മനഃപൂർവം നട്ട് ആരെങ്കിലും അയച്ചു വച്ചതാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടി. വാഹനയാത്രയ്ക്കിടെ നട്ട് ഊരിപ്പോയാൽ വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നു മെക്കാനിക് അറിയിച്ചതായും പി.ടി. തോമസിന്റെ പരാതിയിലുണ്ട്. പാലാരിവട്ടം പൊലീസ് കേസെടുത്തു. എംഎൽഎയെ കണ്ട എറണാകുളം അസി. കമ്മിഷണർ കെ. ലാൽജി വിശദമായ മൊഴി രേഖപ്പെടുത്തി. കാർ സർവീസ് നടത്തിയ സ്ഥാപനത്തിലും അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.