Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി; ജാമ്യമില്ല

Dileep

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ ചലച്ചിത്രതാരം ദിലീപിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ഹൈക്കോടതി. ഗൗരവമേറിയ കേസിന്റെ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കാനാവില്ലെന്നും വ്യക്തമാക്കിയാണു കോടതി നടപടി.

ക്രൂരവും പൈശാചികവുമായ കുറ്റകൃത്യം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയോടു പകപോക്കാൻ ലൈംഗികാതിക്രമത്തിനു ക്രിമിനലുകളെ നിയോഗിച്ച വേറിട്ട കേസാണിത്. അതിസൂക്ഷ്മമായ ആസൂത്രണവും അതിക്രൂരമായ നടത്തിപ്പുരീതിയും പരിഗണിക്കുമ്പോൾ ഇത്തരം കേസുകളിലെ ജാമ്യ ഹർജികളിൽ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തേണ്ടതുണ്ടെന്നു കോടതി പറഞ്ഞു.

‘‘ചലച്ചിത്ര താരവും വിതരണ, നിർമാണ മേഖലകളിലെ സജീവ സാന്നിധ്യവുമായ ദിലീപ് തിയറ്റർ ഉടമ കൂടിയാണ്. സിനിമാ മേഖലയിൽ കാര്യമായ സ്വാധീനമുണ്ടെന്നതിൽ തർക്കമില്ല. ഈ സാഹചര്യത്തിൽ സിനിമാ രംഗത്തു നിന്നുള്ള കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ’’– കോടതി വ്യക്തമാക്കി. യുവനടിയെ അതിക്രമങ്ങൾക്കിരയാക്കി വിഡിയോയിൽ ചിത്രീകരിച്ച സംഭവം ഗൗരവമേറിയതാണ്. സംഭവത്തിന്റെ പിറ്റേന്നു തന്നെ നടി പൊലീസിനു പ്രഥമവിവര മൊഴി നൽകി. മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴിയും നൽകി.

ഏപ്രിൽ 17ന് ഏഴു പ്രതികൾക്കെതിരെ ആദ്യകുറ്റപത്രം നൽകിയപ്പോൾ കേസിലെ വൻഗൂഢാലോചന അന്വേഷിക്കാനുള്ള സാധ്യത തുറന്നിട്ടിരുന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടത്താൻ ദിലീപിനു വ്യക്തമായ കാരണമുണ്ടെന്നു പ്രോസിക്യൂഷൻ ആരോപിച്ചു. ആദ്യവിവാഹം തകർന്നതിനു പിന്നിൽ ഉപദ്രവിക്കപ്പെട്ട നടിയാണെന്ന സംശയത്തിൽ ദിലീപ് അവർക്കെതിരെ ഒന്നരക്കോടി രൂപയ്ക്കു ക്വട്ടേഷൻ നൽകിയെന്നാണു പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നടിയുമായി ദിലീപിനു നല്ല ബന്ധം ആയിരുന്നില്ലെന്നതിനു തെളിവുകളുണ്ട്.

അപ്പുണ്ണി ഒളിവിലാണെന്നു പ്രോസിക്യൂഷൻ പറയുന്നു. കേസിൽ പങ്ക് ആരോപിക്കപ്പെടുന്ന അഭിഭാഷകനെയും ഫലപ്രദമായി ചോദ്യം ചെയ്യണം. ദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണും യഥാർഥ മെമ്മറി കാർഡും കണ്ടെത്താനായിട്ടില്ല. നടിയുടെ ജീവിതത്തിനു തന്നെ ഭീഷണിയാകാവുന്നതാണു ദൃശ്യം പകർത്തിയ മെമ്മറി കാർഡ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലും പ്രതികളാരെങ്കിലും ഇടപെടാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

related stories