Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനെ കോടതിയിൽ ‘ഹാജരാക്കുക’ വിഡിയോ കോൺഫറൻസിങ് വഴി

Dileep

അങ്കമാലി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ വിഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കാൻ അങ്കമാലി കോടതി അനുമതി നൽകി. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണിത്. 

ആലുവ സബ്ജയിലിലെ വിഡിയോ കോൺഫറൻസിങ് സംവിധാനം തകരാറായതിനാൽ, പൊലീസ് ഇതിനുള്ള സംവിധാനമൊരുക്കും. ലാപ്ടോപ്പിൽ സ്കൈപ് ആപ്ലിക്കേഷൻ ഉപയോഗിച്ചാവും ദിലീപിനെ സങ്കേതികമായി കോടതിയിൽ ‘ഹാജരാക്കുക’. നടന്റെ റിമാൻഡ് കാലാവധി ഇന്നു തീരുകയാണ്.

കസ്റ്റഡിയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ നിന്നു പലതവണ ദിലീപിനെ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞു ജനങ്ങൾ കോടതിയിലും കോടതിയിലേക്കുള്ള വഴിയിലും തടിച്ചുകൂടിയിരുന്നു. കൂവലും മുദ്രാവാക്യം വിളികളുമുണ്ടായി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സുരക്ഷാപ്രശ്നം വർധിക്കുമെന്നാണു പൊലീസിന്റെ വാദം. ഇതേത്തുടർന്നാണു കോടതി വിഡിയോ കോ‍ൺഫറൻസിങ്ങിന് അനുമതി നൽകിയത്. ഇതിനിടെ, മുഖ്യ പ്രതി സുനിൽകുമാറിന്റെ (പൾസർ സുനി) ജാമ്യാപേക്ഷയിലുള്ള വാദം ഇന്നത്തേക്കു മാറ്റി.

related stories