Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാംഗത്വം: പിണറായിക്കെതിരെ പോർമുഖം തുറന്ന് യച്ചൂരി

ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ പുതിയ പോർമുഖം തുറന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. തന്റെ രാജ്യസഭാ സ്‌ഥാനാർഥിത്വം കേന്ദ്രകമ്മിറ്റി (സിസി) ചർച്ച ചെയ്യുന്നതിനിടെ അതേവിഷയത്തെക്കുറിച്ച് ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പരാമർശിച്ചതു ശരിയായ നടപടിയല്ലെന്നു പിണറായിയോടു വ്യക്‌തമാക്കിയതായി യച്ചൂരി പറഞ്ഞു.

രാജ്യസഭാംഗമായിരിക്കുന്നതു ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രവർത്തനത്തെ ബാധിക്കുമെന്ന പിണറായിയുടെ വിലയിരുത്തൽ സിസിക്കോ പൊളിറ്റ് ബ്യുറോയ്‌ക്കോ ഇല്ലെന്നും സിസി തീരുമാനങ്ങൾ വിശദീകരിക്കവെ യച്ചൂരി പറഞ്ഞു. മൂന്നാർ കയ്യേറ്റം ഉൾപ്പെടെ സംസ്‌ഥാനത്തെ വിവിധ വിഷയങ്ങൾ പരാമർശിച്ചു വി.എസ്.അച്യുതാനന്ദൻ പിബിക്കു നൽകിയ കത്ത് ഉചിതസമയത്തു ചർച്ചചെയ്യുമെന്നും യച്ചൂരി വ്യക്‌തമാക്കി. നേരത്തേ തീരുമാനിച്ച പ്രകാരം താൻ നൽകിയ ദീർഘമായ അഭിമുഖത്തിലെ ഒരു ഭാഗം മാത്രമെടുത്തു പത്രം അതിന്റെ ഓൺലൈൻ പതിപ്പിൽ പരസ്യപ്പെടുത്തുകയാണുണ്ടായതെന്നു പിണറായി വിശദീകരിച്ചതായും യച്ചൂരി വെളിപ്പെടുത്തി.

ഒരു പിബി അംഗത്തിന്റെ നടപടിപ്പിഴവും അതേക്കുറിച്ചു പിബിയിൽ നടന്ന ചർച്ചയും മാധ്യമങ്ങളോടു ജനറൽ സെക്രട്ടറി വെളിപ്പെടുത്തുന്നതു പതിവില്ലാത്ത നടപടിയാണ്. യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതു തടയാൻ പിണറായി – കാരാട്ട്‌ പക്ഷം വിശാഖപട്ടണത്തു നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനുള്ള മറുപടിയാണു യച്ചൂരിയുടെ സ്‌ഥാനാർഥിത്വത്തെ വെട്ടിയ നടപടി എന്നാണു പാർട്ടിവൃത്തങ്ങളുടെ വിലയിരുത്തൽ. വിഎസ് ആയിരുന്നു അച്ചടക്കലംഘനക്കേസുകളിലെ സ്‌ഥിരം പ്രതിയെങ്കിൽ, ഇപ്പോൾ പിണറായി അച്ചടക്കലംഘനമെന്നു തിരിച്ചറിഞ്ഞുതന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിയതു മനഃപൂർവമാണെന്ന വിലയിരുത്തലാണു ബംഗാൾ ഘടകത്തിനുള്ളത്.

കഴിഞ്ഞ രണ്ടു വർഷത്തെ തന്റെ അനുഭവത്തിൽ, യച്ചൂരിക്ക് ഒരേസമയം രണ്ടു ചുമതലകൾ വഹിക്കുക പ്രയാസകരമാണെന്ന പിണറായിയുടെ വിലയിരുത്തൽ വസ്‌തുതാവിരുദ്ധമാണെന്നു ബംഗാൾ സെക്രട്ടറി സൂര്യകാന്ത മിശ്ര സിസിയിൽ പറഞ്ഞു. താൻ മൂന്നാമതൊരു തവണ കൂടി ബംഗാളിൽനിന്നു രാജ്യസഭാംഗമാകേണ്ടതില്ലെന്ന തീരുമാനത്തിൽ സിസി എത്തിയതിന്റെ കാരണങ്ങൾ മാത്രമല്ല, അവയോടു തനിക്കുള്ള വിയോജിപ്പും യച്ചൂരി മാധ്യമങ്ങളോടു സൂചിപ്പിച്ചു. കോൺഗ്രസിന്റെ പിന്തുണ പറ്റില്ല, ജനറൽ സെക്രട്ടറി പാർലമെന്റംഗമായിരിക്കുന്നതിന്റെ പ്രശ്‌നങ്ങൾ, രാജ്യസഭയിലേക്കു പരമാവധി രണ്ടു തവണയെന്ന കീഴ്‌വഴക്കം– ഇവയാണു യച്ചൂരി സ്‌ഥാനാർഥിയാകുന്നതിനെ എതിർക്കുന്നതിനു പിബിയും സിസിയും പറഞ്ഞ കാരണങ്ങൾ.

രണ്ടാമത്തെയും മൂന്നാമത്തെയും കാരണങ്ങൾ താനും അംഗീകരിക്കുന്നതായി യച്ചൂരി സൂചിപ്പിച്ചു. ജനറൽ സെക്രട്ടറിയായപ്പോൾ താൻ രാജ്യസഭാംഗത്വം രാജിവയ്‌ക്കാൻ താൽപര്യപ്പെട്ടതും പാർട്ടി തടഞ്ഞതുമാണ്. കൂടുതൽ പേരെ നേതൃനിരയിലേക്കു കൊണ്ടുവരാനെന്നോണമാണു രാജ്യസഭയിലേക്കു രണ്ടുതവണ മതിയെന്ന കീഴ്‌വഴക്കം. അതു രാഷ്ട്രീയധാർമികതയുടെ ഭാഗമാണെന്നും യച്ചൂരി വിശദീകരിച്ചു. കോൺഗ്രസുമായി തിരഞ്ഞെടുപ്പുപരമായ കൂട്ടുകെട്ടു പാടില്ലെന്നാണു പാർട്ടി കോൺഗ്രസ് തീരുമാനം. എന്നാൽ, താൻ മൽസരിക്കാത്ത സ്‌ഥിതിയിൽ പ്രതിപക്ഷത്തിനു പൊതുസമ്മതനായ സ്വതന്ത്രസ്‌ഥാനാർഥിയെ കണ്ടെത്താൻ ശ്രമിക്കുകയും അതു നടന്നില്ലെങ്കിൽ ഇടതുസ്‌ഥാനാർഥിയെ മൽസരിപ്പിക്കുകയും വേണമെന്നാണു സിസിയുടെ തീരുമാനമെന്നു യച്ചൂരി പറഞ്ഞു.

പ്രതിപക്ഷത്തിനു പൊതുസമ്മതനായ സ്‌ഥാനാർഥിയെ നിർത്തണമെങ്കിൽ കോൺഗ്രസുമായി ധാരണയുണ്ടാക്കേണ്ടതില്ലേയെന്ന ചോദ്യത്തിനു യച്ചൂരി വ്യക്‌തമായ മറുപടി നൽകിയില്ല. എന്നാൽ, ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയെയും ശക്‌തമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം വിശദമായി പറഞ്ഞു.

ഇതിനിടെ, സിസിയിൽ കഴിഞ്ഞ ദിവസം യച്ചൂരിയുടെ സ്‌ഥാനാർഥിത്വം ചർച്ച ചെയ്‌തപ്പോൾ പിബി നിലപാട് യച്ചൂരി വിശദീകരിച്ചതിനു പുറമേ, പിബി അംഗങ്ങളായ സൂര്യകാന്ത മിശ്രയും പ്രകാശ് കാരാട്ടും സംസാരിച്ചതു ചേരിതിരിവുകളെക്കുറിച്ചു വ്യക്‌തമായ സൂചനയായി. എന്തുകൊണ്ടു താൻ സ്‌ഥാനാർഥിയാകാൻ‌ പാടില്ല എന്നതിന്റെ മൂന്നു കാരണങ്ങൾ യച്ചൂരി പറഞ്ഞു. എന്തുകൊണ്ട് ആ കാരണങ്ങൾ അംഗീകരിക്കാൻ പാടില്ലെന്നു വാദിച്ച സൂര്യകാന്ത മിശ്ര, രണ്ടു തവണയെന്നതു ഭരണഘടനാപരമായ വ്യവസ്‌ഥയല്ലെന്നും കീഴ്‌വഴക്കം മാത്രമാണെന്നും സവിശേഷ സാഹചര്യമായതിനാൽ അത് ഒരുതവണത്തേക്ക് ഇളവുചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നതെന്നും പറഞ്ഞു.

ബംഗാളിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ഒഴിവാക്കപ്പെട്ടാൽ അതു കോൺഗ്രസുമായുള്ള ധാരണയിലാണെന്നും അംഗീകരിക്കാനാവില്ലെന്നും കാരാട്ട് പറഞ്ഞു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം കോൺഗ്രസുമായുണ്ടാക്കിയ കൂട്ടുകെട്ട് തദ്ദേശഭരണ സ്‌ഥാപന തിരഞ്ഞെടുപ്പിലും തുടർന്നുവെന്നു കാരാട്ട് ആരോപിച്ചു. ഇതു കാരാട്ടിന്റെ വ്യാജപ്രചാരണമാണെന്നു ബംഗാളുകാർ തിരിച്ചടിച്ചു.