Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശംസാ നയതന്ത്രവുമായി ഗഡ്കരി; അവസരം മുതലെടുത്തു പിണറായി

ന്യൂഡൽഹി ∙ മന്ത്രി നിതിൻ ഗഡ്‌കരിയുടെ ഉപദേശവും മന്ത്രി പ്രകാശ് ജാവഡേക്കറുടെ സിദ്ധാന്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സുനിറച്ചു. വികസനത്തിൽ സഖാക്കൾ ചൈനയെ കണ്ടുപഠിക്കണമെന്നാണു ഗഡ്‌കരി ഉപദേശിച്ചത്. അരിയാഹാരം കഴിക്കുന്നവർ കഠിനാധ്വാനികളാണെന്ന സിദ്ധാന്തമാണു ജാവഡേക്കർ അവതരിപ്പിച്ചത്. രണ്ടും കേട്ട് പിണറായി ചിരിച്ചു. കൊച്ചി കപ്പൽശാല സ്വകാര്യവൽകരിക്കരുതെന്നു പറയാനാണു പിണറായി ഗഡ്‌കരിയെ കണ്ടത്.

സ്വകാര്യവൽകരണമില്ലെന്നു മുദ്രപ്പത്രത്തിൽ എഴുതിനൽകാമെന്നായി ഗഡ്‌കരി. തുടർന്നാണ്, ഓഹരികൾ വിറ്റു പണമുണ്ടാക്കി പുതിയ പദ്ധതികളും നിക്ഷേപങ്ങളും സാധ്യമാക്കുന്ന ചൈനീസ് രീതിയെക്കുറിച്ചു ഗഡ്കരി പറഞ്ഞത്. കപ്പൽശാലയുടെ ഓഹരി വിൽപനയെ എതിർക്കരുതെന്നു പറയാനാണു ചൈനീസ് മാതൃകയെ പ്രശംസിച്ചതെന്നു മാത്രം. പിണറായിയുടെ ഗൗരവഭാവം കണക്കിലെടുത്താവാം ഗഡ്‌കരി പുകഴ്ത്തലിലേക്കു പാത മാറ്റി.

പാതകളുടെ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ തുടങ്ങിയവയ്‌ക്കു പിണറായി കാണിക്കുന്ന ശുഷ്‌കാന്തി അപാരമാണെന്നു ഗഡ്‌കരി പറഞ്ഞു. കാര്യങ്ങൾ നടക്കുന്ന സംസ്‌ഥാനമെന്നാണത്രേ ഇപ്പോൾ തന്റെ ഉദ്യോഗസ്‌ഥർ പറയുന്നത്. അതിനു കാരണക്കാരൻ പിണറായിയാണ്. ഒരുമിച്ചുനിന്നാൽ അതിവേഗപാതപോലെയുള്ളവ നടപ്പാക്കി കേരളത്തിന്റെ മുഖച്ഛായ മാറ്റാമെന്നായി വാഗ്‌ദാനം. പാതകളുടെ വികസന പുരോഗതി വിലയിരുത്താൻ എല്ലാമാസവും യോഗമാകാമെന്നു പിണറായിയുടെ മറുപടി. ഗഡ്‌കരിയുടെ നല്ല മൂഡ് കണക്കിലെടുത്തു പിണറായി, അജണ്ടയിലില്ലാത്ത വിഷയവും ഉന്നയിച്ചു: കണ്ണൂർ – മൈസൂരു സംസ്‌ഥാന പാത ദേശീയപാതയാക്കണം.

തത്വത്തിൽ അംഗീകരിക്കുന്നതായി ഗഡ്‌കരി. ബാക്കിയൊക്കെ പിന്നാലെ. കൂടിക്കാഴ്‌ചയ്‌ക്കൊടുവിൽ ഗഡ്‌കരി പറഞ്ഞ അതേകാര്യമാണു ജാവഡേക്കറും പിണറായിയോടു പറഞ്ഞത്–വികസനകാര്യങ്ങളിൽ രാഷ്‌ട്രീയമില്ല. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മികച്ച പ്രകടനം നടത്തുന്ന സംസ്‌ഥാനമാണെന്നു പറഞ്ഞശേഷം, അതിന്റെ കാരണമെന്നോണമാണ് അരിയാഹാര സിദ്ധാന്തം ജാവഡേക്കർ അവതരിപ്പിച്ചത്.

related stories