Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗംഗേശാനന്ദയ്ക്കെതിരെയുള്ള മൊഴി സമ്മർദത്തെ തുടർന്നെന്നു പെൺകുട്ടി

v

കൊച്ചി∙ സ്വാമി ഗംഗേശാനന്ദയ്ക്കെതിരെ പൊലീസിലും മജിസ്ട്രേട്ട് മുൻപാകെയും മൊഴി നൽകിയതു പൊലീസിന്റെ സമ്മർദത്തെ തുടർന്നാണെന്നു പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സ്വാമി നിരപരാധിയാണ്. കുട്ടികളോടുള്ള വാൽസല്യത്തിലാണു സ്വാമി തന്നോടു പെരുമാറിയിട്ടുള്ളതെന്നും തന്റെ പഠനകാര്യത്തിലുൾപ്പെടെ കുടുംബത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തുണച്ചിട്ടുണ്ടെന്നും പെൺകുട്ടി അറിയിച്ചു.

സ്വാമിയുടെ ജാമ്യഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. പൊലീസ് മുൻപാകെ നൽകിയ പ്രഥമവിവര മൊഴിയിലും മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലും താൻ പറഞ്ഞ കാര്യങ്ങൾ ശരിയല്ല. പ്രഥമവിവര മൊഴിയിലെ കാര്യങ്ങൾ പൊലീസ് വായിച്ചു കേൾപ്പിക്കാതെ ഒപ്പിടുവിച്ചതാണ്. ഇതിനു വിരുദ്ധമായൊന്നും മജിസ്ട്രേട്ടിനു മുന്നിൽ പറയരുതെന്നു പൊലീസ് നിർദേശിക്കുകയും എതിർത്തപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അമ്മയെ അന്യായമായി കസ്റ്റഡിയിൽ വച്ച പൊലീസ് താൻ മജിസ്ട്രേട്ടിനു മൊഴി നൽകിയ ശേഷമാണ് അമ്മയെ വിട്ടത്. തന്നെ നിർബന്ധപൂർവം അഭയകേന്ദ്രത്തിൽ പാർപ്പിച്ചു. മാതാപിതാക്കളെയും സഹോദരനെയും കാണാൻ അനുവദിച്ചില്ല. സ്വാമിയുടെ അഭിഭാഷകന് അയച്ച കത്തിലും അഡീ. സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിലും സത്യസന്ധമായ കാര്യങ്ങൾ താൻ അറിയിച്ചുണ്ടെന്നു പെൺകുട്ടി വ്യക്തമാക്കി.